കാൽഗറി: 2026-ലേക്ക് കടക്കുമ്പോൾ ആൽബർട്ടയിലെ ജനങ്ങൾ നികുതി ഇളവുകളും അധിക ചെലവുകളും ഒരേസമയം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ആദായനികുതി ഇളവ് പ്രാബല്യത്തിൽ വരുമെങ്കിലും, പേറോൾ ഡിഡക്ഷനുകളിലും മറ്റ് നികുതികളിലുമുണ്ടാകുന്ന വർദ്ധനവ് ഈ ആശ്വാസത്തെ ഏറെക്കുറെ മറികടന്നേക്കാമെന്ന് കനേഡിയൻ ടാക്സ്‌പേയേഴ്‌സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദായനികുതി ഇളവ് ഒരു ശരാശരി തൊഴിലാളിക്ക് പ്രതിവർഷം 180 മുതൽ 200 ഡോളർ വരെ ലാഭം നൽകുമെന്ന് ഫെഡറേഷന്റെ ആൽബർട്ട ഡയറക്ടർ ക്രിസ് സിംസ് പറഞ്ഞു.
എന്നാൽ ഈ നികുതി കുറവ് കാനഡ പെൻഷൻ പ്ലാൻ, എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് എന്നിവയിലേക്കുള്ള വർദ്ധിപ്പിച്ച വിഹിതങ്ങൾ മൂലം ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പേറോൾ നികുതികളിലെ വർദ്ധനവ് തൊഴിലാളികൾക്ക് പ്രതിവർഷം 200 ഡോളറിലധികം അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ, നികുതി ഇളവുകളും വർദ്ധനവും തമ്മിൽ തട്ടിക്കിഴിക്കുമ്പോൾ 2026-ൽ ശരാശരി തൊഴിലാളികൾക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി.
കാർബൺ നികുതി പരിഷ്കാരങ്ങളും ആശങ്ക ഉയർത്തുന്നു. ഉപഭോക്താക്കൾ നേരിട്ട് അടയ്ക്കുന്ന കാർബൺ നികുതി ഒഴിവാക്കിയതോടെ ഇന്ധനവിലയിൽ താൽക്കാലിക ആശ്വാസമുണ്ടായെങ്കിലും, വ്യവസായങ്ങൾക്കുള്ള കാർബൺ നികുതി (Industrial carbon tax) ജനുവരി ഒന്നുമുതൽ ടണ്ണിന് 110 ഡോളറായി ഉയർത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലം ഭാവിയിൽ നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ പ്രതിഫലിക്കാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബർട്ടയിൽ ഈ വർദ്ധനവ് കൂടുതൽ ശക്തമായി ബാധിക്കാനിടയുണ്ടെന്നും ക്രിസ് സിംസ് പറഞ്ഞു.
മദ്യത്തിന്മേലുള്ള നികുതിയിലും വർദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു. പണപ്പെരുപ്പ നിരക്കനുസരിച്ച് ഉയരുന്ന ‘എസ്കലേറ്റർ ടാക്സ്’ പ്രാബല്യത്തിൽ വരുന്നതോടെ ബിയർ, വൈൻ തുടങ്ങിയ മദ്യപാനങ്ങളുടെ വില കൂടുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം 40 മില്യൺ ഡോളറിന്റെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൾ. നിലവിൽ തന്നെ മദ്യവിലയുടെ ഏകദേശം പകുതിയോളം നികുതിയാണെന്നും, പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ ഇത്തരം നികുതി വർദ്ധനകൾ നടപ്പാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കനേഡിയൻ ടാക്സ്‌പേയേഴ്‌സ് ഫെഡറേഷൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Alberta prepares for tax reforms in 2026; with exemptions, additional obligations!



