എഡ്മന്റൺ: എഡ്മന്റൺ പബ്ലിക് സ്കൂൾ ബോർഡ് പുറത്തിറക്കിയ പുസ്തക നിരോധന പട്ടിക വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. 200-ൽ അധികം പുസ്തകങ്ങൾ ഉൾപ്പെട്ട ഈ പട്ടികയെ “Vicious compliance” എന്ന് വിശേഷിപ്പിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് രംഗത്തെത്തി. പ്രായത്തിനനുസരിച്ച് അനുയോജ്യമല്ലാത്ത പുസ്തകങ്ങൾ സ്കൂൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് ബോർഡ് തയ്യാറാക്കിയതാണ് ഈ പട്ടിക. എന്നാൽ, ‘ദി ഹാൻഡ്‌മെയ്ഡ്‌സ് ടെയിൽ’, ‘ദി കളർ പർപ്പിൾ’, ‘ദി ഗോഡ്ഫാദർ’, ‘ജോസ്’ തുടങ്ങിയ കൃതികൾ പട്ടികയിൽ ഇടംപിടിച്ചത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി.
പുസ്തക നിരോധനത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം പ്രാഥമിക വിദ്യാലയങ്ങളിൽ നിന്ന് ലൈംഗികമായി വ്യക്തമായ ഉള്ളടക്കങ്ങൾ ഒഴിവാക്കുക എന്നതാണെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. എന്നാൽ, ബോർഡിന്റെ ഈ നടപടി സർക്കാരിന്റെ നിർദ്ദേശങ്ങളോടുള്ള ‘Vicious compliance’ ആണെന്ന് അവർ ആരോപിച്ചു. ഏത് പുസ്തകങ്ങളാണ് പ്രാഥമിക, ജൂനിയർ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അനുയോജ്യമെന്ന് തിരിച്ചറിയാൻ ആവശ്യമെങ്കിൽ ബോർഡിനെ സഹായിക്കാൻ തയ്യാറാണെന്നും, ഓരോ പുസ്തകവും പ്രത്യേകം പരിശോധിച്ച് വ്യക്തത വരുത്താമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ പ്രശസ്ത എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. “ഹായ് കൂട്ടുകാരെ… Edmonton-ൽ ‘ദി ഹാൻഡ്‌മെയ്ഡ്‌സ് ടെയിൽ’ പുസ്തകം ഇപ്പോൾ നിരോധിച്ചിരിക്കുന്നു… അത് വായിക്കരുത്, പരസ്യമായി പുസ്തകങ്ങൾ കത്തിക്കുന്നതിന് മുൻപ് ഒരെണ്ണം സ്വന്തമാക്കൂ,” അവർ പരിഹാസരൂപേണ കുറിച്ചു. ബോർഡിന്റെ നടപടി സാഹിത്യലോകത്തും സാംസ്കാരിക മേഖലയിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Alberta Premier criticizes school board's banned book list



