കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് നഴ്സുമാരുടെ എണ്ണത്തിൽ ആൽബെർട്ട പിന്നിലാണെന്ന് പുതിയ റിപ്പോർട്ട്. 2024 ഡിസംബറിൽ Preszler Injury Lawyers പുറത്തിറക്കിയ ഈ റിപ്പോർട്ട്, കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇൻഫർമേഷൻ (CIHI) നൽകിയ 2023-ലെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ പ്രവിശ്യയിലും ഒരു ലക്ഷം ആളുകൾക്ക് എത്ര ആരോഗ്യപ്രവർത്തകർ ഉണ്ടെന്ന് ഈ റിപ്പോർട്ട് താരതമ്യം ചെയ്യുന്നു.
ആൽബെർട്ടയിൽ ഏറ്റവും കുറവുള്ള ആരോഗ്യപ്രവർത്തകർ രജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സുമാർ ആണ്. ഒരു ലക്ഷം ആളുകൾക്ക് 30.5 പേർ മാത്രമാണ് ഇവിടെയുള്ളത്. ദേശീയ ശരാശരി 52 ആയിരിക്കുമ്പോൾ ഇത് വളരെ കുറവാണ്. നഴ്സ് പ്രാക്ടീഷണർമാർ ആണ് രണ്ടാമത് കുറവുള്ളവർ, ഒരു ലക്ഷം പേർക്ക് 15.4 പേർ മാത്രം.
ഓഡിയോളജിസ്റ്റുകൾ മൂന്നാമതുണ്ട്, ഒരു ലക്ഷം പേർക്ക് 4.3 പേർ. മിഡ്വൈഫുമാർ, മെഡിക്കൽ റേഡിയേഷൻ ടെക്നോളജിസ്റ്റുകൾ, ജനറ്റിക് കൗൺസിലർമാർ, ദന്തഡോക്ടർമാർ, ഡയറ്റീഷ്യൻമാർ, ഫാമിലി മെഡിസിൻ ഫിസിഷ്യൻമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, രജിസ്റ്റേർഡ് നഴ്സുമാർ, ഡെന്റൽ ഹൈജീനിസ്റ്റുകൾ എന്നിവരുടെ എണ്ണത്തിലും ആൽബെർട്ടയിൽ കുറവുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
സൈക്യാട്രിക് നഴ്സുമാരുടെ ക്ഷാമം ഏറെ ആശങ്കാജനകമാണെന്ന് Preszler Injury Lawyers പറയുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്കും പരിക്കേറ്റവർക്കും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടോ എന്ന സംശയം ഇത് ഉയർത്തുന്നു. നഴ്സ് പ്രാക്ടീഷണർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ആൽബെർട്ട സർക്കാർ പുതിയ നയങ്ങൾ കൊണ്ടുവന്നെങ്കിലും, വിദ്യാഭ്യാസ പരിപാടികളുടെ കുറവും ജൂനിയർ, സീനിയർ നഴ്സുമാർ തമ്മിലുള്ള ശമ്പളത്തിലെ ചെറിയ വ്യത്യാസവും ഈ മേഖലയിലേക്ക് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് നഴ്സ് പ്രാക്ടീഷണർ അസോസിയേഷൻ ഓഫ് ആൽബെർട്ടയുടെ പ്രസിഡന്റ് ജെനിഫർ മാഡോർ പറയുന്നു.
ആൽബെർട്ടയിലെ ഭൂരിഭാഗം നഴ്സ് പ്രാക്ടീഷണർമാരും നിലവിൽ ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്. ആരോഗ്യരംഗത്ത് എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്നും, ശമ്പളവും നല്ല ജീവിതനിലവാരവും ആരോഗ്യപ്രവർത്തകർക്ക് അത്യാവശ്യമാണെന്നും മാഡോർ കൂട്ടിച്ചേർത്തു. കാനഡയിൽ ഏറ്റവും കുറവുള്ള ആരോഗ്യപ്രവർത്തകർ മെഡിക്കൽ ഫിസിസിസ്റ്റുകൾ ആണ്. രാജ്യത്താകെ 294 പേർ മാത്രമാണുള്ളത്, അതിൽ 34 പേർ ആൽബെർട്ടയിലാണ്.



