കാൽഗറി: വെനസ്വേലയിൽ നിക്കോളാസ് മഡുറോയുടെ ഭരണം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ എണ്ണപ്പാടങ്ങളിൽ നിക്ഷേപം നടത്താനും സാങ്കേതിക സഹായം നൽകാനും കാനഡയിലെ ആൽബർട്ട ആസ്ഥാനമായുള്ള കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ ഊർജ്ജ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നതാണ് കനേഡിയൻ കമ്പനികളെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
രണ്ട് പതിറ്റാണ്ടായി പുതിയ നിക്ഷേപങ്ങളോ സാങ്കേതിക വിദ്യകളോ എത്താത്തതിനാൽ വെനസ്വേലയിലെ എണ്ണ ഉൽപ്പാദന സംവിധാനങ്ങൾ നിലവിൽ തകർച്ചയിലാണ്.
വെനസ്വേലയിലേതിന് സമാനമായ ഹെവി ഓയിൽ വേർതിരിച്ചെടുക്കുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനികൾ ആൽബർട്ടയിലുണ്ട്. തകരാറിലായ വെൽഹെഡുകൾ, പമ്പുകൾ, മറ്റ് യന്ത്രസാമഗ്രികൾ എന്നിവ മാറ്റിസ്ഥാപിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനും തങ്ങൾക്ക് സാധിക്കുമെന്ന് കനേഡിയൻ സംരംഭകർ വ്യക്തമാക്കുന്നു.
സ്ട്രാത്കോണ റിസോഴ്സസ് (Strathcona Resources) ഉൾപ്പെടെയുള്ള മുൻനിര കനേഡിയൻ എണ്ണ ഉൽപ്പാദകർ വെനസ്വേലയിലേക്ക് സാങ്കേതിക സംഘത്തെ അയക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഏകദേശം 30,300 കോടി ബാരൽ എണ്ണ നിക്ഷേപമാണ് വെനസ്വേലയിലുള്ളതെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും വെനസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ പ്രശ്നങ്ങളും നിക്ഷേപകർക്കിടയിൽ ആശങ്ക നിലനിർത്തുന്നുണ്ട്. അവിടെയുള്ള നികുതി വ്യവസ്ഥകൾ, റോയൽറ്റി, കരാറുകളുടെ നിയമപരിരക്ഷ എന്നിവയിൽ വ്യക്തത ആവശ്യമാണെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
മുൻപ് വിദേശ കമ്പനികളുടെ ആസ്തികൾ സർക്കാർ കണ്ടുകെട്ടിയ ചരിത്രമുള്ളതിനാൽ അതീവ ജാഗ്രതയോടെ മാത്രമേ മുന്നോട്ട് പോകാവൂ എന്ന് എക്സോൺ മൊബീൽ പോലുള്ള വൻകിട കമ്പനികൾ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ വെനസ്വേല നിക്ഷേപത്തിന് അനുയോജ്യമായ ഇടമല്ലെന്നാണ് പല എണ്ണ കമ്പനികളുടെയും വിലയിരുത്തൽ.
വെനസ്വേലയിലെ എണ്ണ ഉൽപ്പാദനം വർധിക്കുന്നത് കാനഡയിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു. വെനസ്വേലയിൽ നിന്നുള്ള ഹെവി ഓയിൽ വിപണിയിലെത്തുന്നത് കാനഡയുടെ വിപണി വിഹിതം കുറയ്ക്കാനും കനേഡിയൻ എണ്ണയുടെ വില കുറയാനും കാരണമായേക്കും. കഴിഞ്ഞ വാരത്തിൽ ഈ സാധ്യത മുൻനിർത്തി കനേഡിയൻ ഹെവി ഓയിലിന്റെ വിലയിൽ കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമായും അമേരിക്കൻ ഗൾഫ് തീരത്തെ റിഫൈനറികളിലേക്കുള്ള കയറ്റുമതിയെയാകും ഇത് ബാധിക്കുക.
ഭരണമാറ്റത്തിന് ശേഷം രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനനുസരിച്ച് മാത്രമേ വിദേശ തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കൂ എന്ന് വിദഗ്ധർ അറിയിച്ചു. യുഎസ് ഉപരോധങ്ങൾ നിലനിൽക്കുന്നതും കനേഡിയൻ കമ്പനികൾക്ക് അവിടെ പ്രവർത്തിക്കാൻ എത്രത്തോളം അനുമതി ലഭിക്കുമെന്നതും നിർണ്ണായകമാണ്. വെനസ്വേലയുടെ എണ്ണ വ്യവസായം പുനർനിർമ്മിക്കുന്നതിന് വർഷങ്ങളും കോടിക്കണക്കിന് ഡോളർ നിക്ഷേപവും ആവശ്യമായി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വരും വർഷങ്ങളിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ മാത്രമേ സജീവമായ ഇടപെടൽ ഉണ്ടാവുകയുള്ളൂ എന്ന് ആൽബർട്ടയിലെ എണ്ണ മേഖലയിലുള്ളവർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Alberta companies set to invest in Venezuelan oil fields; potential for new changes in the energy sector



