ആൽബർട്ടയിൽ കുടിയേറ്റക്കാർക്കെതിരായ വിദ്വേഷവും വംശീയ അധിക്ഷേപങ്ങളും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. കുടിയേറ്റക്കാരെ സഹായിക്കുന്ന സംഘടനകളും വ്യക്തികളും ഈ പ്രവണതയിൽ കടുത്ത ആശങ്കയാണ് രേഖപ്പെടുത്തിയത്. കാനഡയുടെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായതോടെയാണ് ഈ വിദ്വേഷ പ്രചാരണം ശക്തമായതെന്നാണ് വിലയിരുത്തൽ.
കാൽഗറിയിലെ സെന്റർ ഫോർ ന്യൂകമേഴ്സിലെ ഷമൈല അക്രമിനെപ്പോലുള്ളവർ തങ്ങൾക്കും തങ്ങളുടെ ക്ലയൻ്റുകൾക്കും നേരെ വർദ്ധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്കെതിരെയും സൗത്ത് ഏഷ്യൻ സമൂഹങ്ങൾക്കെതിരെയും ഓൺലൈനിലും നേരിട്ടും വിദ്വേഷം പ്രചരിക്കുന്നതായി കനേഡിയൻ ആന്റി-ഹേറ്റ് നെറ്റ്‌വർക്ക് ചൂണ്ടിക്കാട്ടുന്നു. “എന്റെ സ്വന്തം സമൂഹങ്ങളിലെ ആളുകളിൽ നിന്ന്, പ്രത്യേകിച്ച് ഹിജാബ് ധരിക്കുന്ന സ്ത്രീകളിൽ നിന്ന്, ധാരാളം മോശം കാര്യങ്ങൾ ഞാൻ കേൾക്കുന്നു, ആളുകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുന്നു,” എന്ന് ഷമൈല അക്രം പറഞ്ഞു.
വംശീയ വിദ്വേഷം കാരണം പല കുടിയേറ്റക്കാരും കടുത്ത മാനസിക സമ്മർദ്ദവും പരിഭ്രാന്തിയും അനുഭവിക്കുന്നുണ്ടെന്ന് സെന്റർ ഫോർ ന്യൂകമേഴ്സ് വ്യക്തമാക്കുന്നു. തങ്ങളുടെ സ്ഥാപനത്തിന് നേരെയും ജീവനക്കാർക്ക് നേരെയും അതിക്രമങ്ങൾ വർദ്ധിച്ചതോടെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കേണ്ടി വന്നുവെന്ന് കൽഗറിയിലെ സെന്റർ ഫോർ ന്യൂകമേഴ്സിൻ്റെ ചീഫ് പ്രോഗ്രാം ഓഫീസർ കെല്ലി ഏൺസ്റ്റ് അറിയിച്ചു. “ഞങ്ങളുടെ വാതിലിനു പുറത്ത് വംശീയ അധിക്ഷേപങ്ങൾ കേട്ട് ക്ലയന്റുകൾ കടുത്ത ഉത്കണ്ഠയോടെയും ചിലപ്പോൾ പരിഭ്രാന്തിയോടെയുമാണ് വരുന്നത്. നഗരമധ്യത്തിൽ നടക്കുമ്പോൾ അവർ ഉപദ്രവിക്കപ്പെടുന്ന സംഭവങ്ങൾ ഞങ്ങൾക്കുണ്ട്.” എന്നും ഷമൈല അക്രം കൂട്ടിച്ചേർത്തു.ആൽബർട്ടൻ നെക്സ്റ്റ് പാനൽ പോലുള്ള സർക്കാർ ഇനിഷ്യട്ടിവസ് കുടിയേറ്റ വിരുദ്ധ വികാരങ്ങളെ ആളിക്കത്തിക്കുന്നുണ്ടെന്നും ഏൺസ്റ്റ് കുറ്റപ്പെടുത്തി. കുടിയേറ്റക്കാരെ ഭവനരഹിതത്വത്തിനും തൊഴിലില്ലായ്മയ്ക്കും കാരണക്കാരായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും സർക്കാർ നയങ്ങളാണ് യഥാർത്ഥ പ്രശ്നമെന്നും ഏൺസ്റ്റ് കൂട്ടിച്ചേർത്തു. “ജനസംഖ്യാ വർദ്ധനവിന് കാരണം കുടിയേറ്റക്കാരല്ല. പ്രശ്നം സർക്കാർ നയങ്ങളാണ്,”എന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലേക്കും ആൽബർട്ടയിലേക്കും വരുന്ന കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ പ്രസ് സെക്രട്ടറി സാം ബ്ലാക്കറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഭവന വില കുതിച്ചുയരുന്നതിനും തൊഴിലില്ലായ്മ വർദ്ധിക്കുന്നതിനും കാരണം കുടിയേറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കുടിയേറ്റക്കാർ ആൽബർട്ടയുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അവർക്ക് സുരക്ഷിതത്വവും ബഹുമാനവും ഉറപ്പാക്കേണ്ടതുണ്ടെന്നും ആൽബർട്ട ഇമിഗ്രേഷൻ മന്ത്രി ജോസഫ് ഷോവ് വ്യക്തമാക്കി. കുടിയേറ്റത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വംശീയ വിദ്വേഷം ഇല്ലാതാക്കി, എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതിൻ്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
Anti-immigrant hate on the rise in Alberta: Community organizations express concern



