കാനഡയിലെ ആൽബെർട്ട റൈഡിംഗ് ഓഫ് ബാറ്റിൽ റിവർ – ക്രോഫൂട്ടിൽ ഓഗസ്റ്റ് 18 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കോമൺസിൽ വീണ്ടും ഒരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെ കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ റൈഡിംഗിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊയ്‌ലിവ്രെയ്ക്ക് പാർലമെന്റിലേക്ക് വരാൻ അവസരം നൽകുന്നതിനായി ജൂൺ 17-ന് എംപി ഡാമിയൻ കുറെക് തന്റെ സ്ഥാനം രാജിവെച്ചിരുന്നു.
പ്രതിപക്ഷ നേതാവ് സ്ഥാനം തിരിച്ചുപിടിക്കാൻ പൊയ്‌ലിവ്രെയ്ക്ക് അവസരം നൽകുന്നതിനായി എത്രയും വേഗം ഒരു ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി മെയ് മാസത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ഒട്ടാവ ഏരിയയിലെ കാൾട്ടണിൽ ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയിയോടാണ് പൊയ്‌ലിവ്രെ പരാജയപ്പെട്ടത്.



