കഴിഞ്ഞ മൂന്ന് മാസം മുമ്പ് കാനഡയും അമേരിക്കയും തമ്മിലുണ്ടായിരുന്ന വ്യാപാര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ആൽബർട്ട പ്രവിശ്യ സർക്കാർ പ്രഖ്യാപിച്ചിരുന്ന അമേരിക്കൻ മദ്യ ഇറക്കുമതി നിരോധനം പിൻവലിച്ചു. ജൂൺ 6-ന് Alberta Gaming, Liquor and Cannabis (AGLC) ഡയറക്ടിവ് പ്രകാരം അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾ വീണ്ടും പ്രവിശ്യയിലേക്കുള്ള വിതരണം ആരംഭിക്കാനാണ് അനുമതി നൽകിയത്. എന്നാൽ വിപണിയിൽ വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ വ്യാപാരികൾക്ക് ഇല്ല.
ഉപഭോക്താക്കളിൽ “ബൈ ലോക്കൽ” എന്ന സമീപനം കൂടുതൽ വ്യാപകമായി സ്വീകരിക്കപ്പെടുന്നുണ്ട്. വില കൂടിയതിനാൽ ഉപഭോഗം കുറഞ്ഞതായും, നിരോധനം പിന്‍വലിച്ചാലും സ്റ്റോക്ക് കൂട്ടാൻ പലരും തയ്യാറല്ലെന്നുമാണ് Kensington Wine Market ഉടമ ആൻഡ്രൂ ഫെർഗസന്റെ നിലപാട്. ഒരു ഘട്ടത്തിൽ യു.എസ്. വൈൻ ഇറക്കുമതി 93% വരെ ഇടിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Cork Fine Wine, Liquor & Ale മാനേജർ മാത്യു സ്റ്റോർട്ട്‌സ് പറയുന്നു, ചില വ്യാപാരികൾ ഇപ്പോഴും അമേരിക്കൻ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കളെ കാനഡയിലും മറ്റു രാജ്യങ്ങളിലുമുള്ള വൈവിദ്ധ്യമുള്ള ബ്രാൻഡുകളിലേക്കാണ് തിരിച്ചു നയിക്കുന്നത്. ഉയർന്ന ടാരിഫ് ചെലവുകൾ സഹിക്കാൻ ചെറിയ-മദ്ധ്യവ്യാപാരികൾ തയാറല്ലെന്നും മാർജിൻ ചുരുങ്ങുന്ന ഈ മേഖലയിൽ അതും വലിയ വെല്ലുവിളിയാണെന്നുമാണ് ആക്ഷേപം.
Service Alberta മന്ത്രി ഡെയ്ൽ നല്ലിയുടെ അഭിപ്രായത്തിൽ, ഈ നീക്കം വ്യാവസായിക ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു ശ്രമമായി കാണാം. എന്നാൽ പ്രാദേശിക ഉത്പന്നങ്ങൾക്കുള്ള പ്രാധാന്യം നിലനിർത്തേണ്ടതും, അമേരിക്കൻ ഉൽപ്പന്നങ്ങൾ തിരികെ വരുന്ന സാഹചര്യത്തിൽ വിപണി ചലനങ്ങളിൽ അടുത്തുനോക്കേണ്ടതുമാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു.



