പാരീസ്: എയർ ട്രാഫിക് കൺട്രോളർ ഉറങ്ങിപ്പോയതിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്യാനാവാതെ ആകാശത്ത് വട്ടമിട്ട് പറന്നു. ചൊവ്വാഴ്ച ഫ്രാൻസിലെ കോർസിക്ക ദ്വീപിലെ നെപ്പോളിയൻ ബോണപ്പാർട്ട് വിമാനത്താവളത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പാരീസിൽ നിന്ന് പുറപ്പെട്ട എയർ കോർസിക്ക എയർബസ് എ320 വിമാനം വിമാനത്താവളത്തിനു മുകളിലെത്തിയിട്ടും റേഡിയോ കോളുകളോട് കൺട്രോൾ ടവറിൽ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. ഇരുട്ടിൽ 2,400 മീറ്റർ മാത്രം നീളമുള്ള റൺവേയിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് മനസ്സിലാക്കിയ പൈലറ്റ്, വിമാനം ദ്വീപിന്റെ മറ്റൊരു ഭാഗമായ ബാസ്റ്റിയയിലേക്ക് തിരിച്ചുവിട്ട് വട്ടമിട്ട് പറന്നു.
സംഭവം ഗുരുതരമാണെന്ന് മനസ്സിലാക്കിയ പൈലറ്റ് ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. ഗ്രൗണ്ട് സ്റ്റാഫ് പലതവണ കൺട്രോൾ ടവറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, സുരക്ഷാ നടപടികൾ കാരണം വൈകിയെന്ന് അധികൃതർ അറിയിച്ചു.
ഒടുവിൽ കൺട്രോൾ ടവറിൻ്റെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചു. എയർ ട്രാഫിക് കൺട്രോളർ മേശപ്പുറത്ത് തലവെച്ച് ഗാഢനിദ്രയിലാണ്. ഉടൻ തന്നെ ജീവനക്കാർ അദ്ദേഹത്തെ ഉണർത്തുകയും, റൺവേ ലൈറ്റുകൾ ഓൺ ചെയ്യുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ അനുവാദം നൽകുകയും ചെയ്തു.
യാത്രക്കാർ പരിഭ്രാന്തരാകാതെ ശാന്തരായിരുന്നെന്നും, അവർ ഈ സംഭവത്തെ തമാശയായി കണ്ടെന്നും പൈലറ്റ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൺട്രോളറെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Air traffic controller falls asleep; plane circles in the sky, unable to land
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



