നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിയതായി സ്ഥിരീകരിച്ചു. ലാൻഡിങ് ഗിയറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് കൊച്ചി വിമാനത്താവള കമ്പനി അറിയിച്ചു.
ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. യാത്രാമധ്യേ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ട് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.
ലാൻഡിങ് സമയത്ത് വിമാനത്തിന്റെ ടയർ പൊട്ടിയതായാണ് പ്രാഥമിക വിവരം. ലാൻഡിങ് ഗിയറിലെ തകരാറാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. വിമാനം പുലർച്ചെ 1.15നാണ് ജിദ്ദയിൽ നിന്ന് പുറപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്.
ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളിൽ ശക്തമായ കുലുക്കവും അനുഭവപ്പെട്ടതായി ചില യാത്രക്കാർ അറിയിച്ചു. എന്നാൽ, സാങ്കേതിക തകരാർ സംബന്ധിച്ച വിവരം കൊച്ചിയിൽ എത്തിയ ശേഷമാണ് യാത്രക്കാരെ അറിയിച്ചതെന്നും യാത്രക്കാർ പറയുന്നു.
കരിപ്പൂരിലേക്ക് റോഡ് മാർഗം യാത്ര തുടരണമെന്ന നിർദേശം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകിയതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് വിമാനം ക്രമീകരിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
A major disaster averted; Air India Express made an emergency landing; Passengers protest



