ന്യൂയോർക്ക്: ന്യൂയോർക്കിലെ ലഗാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസ് വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്നും എയർ ഹോസ്റ്റസ് രക്ഷപ്പെട്ടത് അത്ഭുതകരമായി. വിമാനത്തിന്റെ ലീഡ് അറ്റൻഡന്റായ സോളാഞ്ച് ട്രെംബ്ലെയാണ് വിമാനം തകർന്ന നിമിഷം സീറ്റിലിരിക്കെ തന്നെ 330 അടി ദൂരേക്ക് തെറിച്ചുപോയത്. രക്ഷാപ്രവർത്തകർ എത്തുമ്പോൾ റൺവേയിൽ സീറ്റിൽ ബെൽറ്റിട്ട അവസ്ഥയിൽ തന്നെയായിരുന്നു ഇവർ കിടന്നിരുന്നത്. കാലിന് ഒന്നിലധികം ഒടിവുകളുള്ള ഇവർ നിലവിൽ ചികിത്സയിലാണ്. അമ്മയുടെ അതിജീവനം ഒരു വലിയ അത്ഭുതമാണെന്ന് മകൾ സാറ ലെപൈൻ പ്രതികരിച്ചു.
മോൺട്രിയലിൽ നിന്നും 72 യാത്രക്കാരുമായി എത്തിയ വിമാനം ലാൻഡിംഗിനിടെ റൺവേ കുറുകെ കടന്ന ഫയർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പൈലറ്റും കോ-പൈലറ്റും മരണപ്പെട്ടു. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർക്ക് പറ്റിയ പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു വിമാനത്തിലെ പുക പരിശോധിക്കാൻ ഫയർ ട്രക്കിന് അനുമതി നൽകിയതും വിമാനം ലാൻഡ് ചെയ്തതും ഒരേ സമയത്തായതാണ് അപകടമുണ്ടാക്കിയത്. “തനിക്ക് തെറ്റുപറ്റിപ്പോയി” എന്ന് കൺട്രോളർ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Air Canada Flight Crew, Thrown 330 Feet From Plane Strapped In Seat After Crash, Survives



