ഒട്ടാവ : ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ മരിച്ച പൈലറ്റുമാരുടെ കുടുംബാംഗങ്ങൾക്കായി നൽകിയ അനുശോചന സന്ദേശത്തിൽ ഔദ്യോഗിക ഭാഷാ നിയമം ലംഘിച്ചുവെന്ന പരാതിയിൽ എയർ കാനഡ സി.ഇ.ഒ മൈക്കൽ റൂസ്സോയോട് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചു. മോൺട്രിയലിൽ നിന്ന് വന്ന വിമാനം റൺവേയിൽ വെച്ച് അഗ്നിശമന സേനാ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച പൈലറ്റുമാരിൽ ഒരാൾ ക്യുബെക്കിൽ നിന്നുള്ള ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന വ്യക്തിയായിരുന്നിട്ടും അനുശോചന വീഡിയോയിൽ ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചത് കാനഡയിലെ ഔദ്യോഗിക ഭാഷാ നിയമത്തിന് വിരുദ്ധമാണെന്ന് പാർലമെന്ററി സമിതി വിലയിരുത്തി. മെയ് ഒന്നിനകം സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് മൈക്കൽ റൂസ്സോയ്ക്ക് നൽകിയിട്ടുള്ള നിർദ്ദേശം.2021-ലും സമാനമായ രീതിയിൽ ഭാഷാപരമായ വിവാദങ്ങളിൽ റൂസ്സോ അകപ്പെട്ടിരുന്നു.
സി.ഇ.ഒയുടെ നടപടിയിൽ പാർലമെന്ററി സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത് സംബന്ധിച്ച പ്രമേയം ജനപ്രതിനിധി സഭ ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു. എയർ കാനഡയ്ക്ക് രണ്ട് ഔദ്യോഗിക ഭാഷകളിലും ആശയവിനിമയം നടത്താൻ നിയമപരമായ ബാധ്യതയുണ്ടെന്ന് ഫെഡറൽ ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ വ്യക്തമാക്കി. സി.ഇ.ഒയുടെ ഏകഭാഷാ സന്ദേശം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചവരെ 84 പരാതികളാണ് ഒഫീഷ്യൽ ലാംഗ്വേജസ് കമ്മീഷണർക്ക് ലഭിച്ചത്.
നാല് മിനിറ്റോളം നീളുന്ന വീഡിയോയിൽ ‘ബോൺജൂർ’ (Bonjour), ‘മെഴ്സി’ (Merci) എന്നീ രണ്ട് വാക്കുകൾ മാത്രമാണ് റൂസ്സോ ഫ്രഞ്ച് ഭാഷയിൽ സംസാരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റൂസ്സോയുടെ നടപടി ക്യുബെക്കിനോടും ഫ്രഞ്ച് സംസാരിക്കുന്ന ജനവിഭാഗത്തോടുമുള്ള അവഗണനയാണെന്ന് ക്യൂബെക് ഫ്രഞ്ച് ഭാഷാ മന്ത്രി ജീൻ ഫ്രാൻസ്വ റോബർഗും മറ്റ് രാഷ്ട്രീയ നേതാക്കളും വിമർശിച്ചു.
Air Canada CEO must appear before parliamentary committee for violating language law
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


