ആൽബെർട്ടയിലെ മദ്യനിയന്ത്രണ ഏജൻസിയായ AGLC അമേരിക്കയിൽ നിന്നുള്ള മദ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന വീണ്ടും ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. യുഎസ് താരിഫ് വിവാദത്തെത്തുടർന്ന് മാർച്ച് 4-നു പ്രഖ്യാപിച്ച വിലക്കിനുശേഷം മൂന്നു മാസംകൊണ്ട് ഈ തീരുമാനം പുനഃപരിശോധിച്ചുകൊണ്ടാണ് എജിഎൽസി പിന്മാറ്റം പ്രഖ്യാപിച്ചത്.
പുതിയ നടപടികൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സുമായി നടക്കുന്ന വ്യാപാരതർക്കങ്ങൾക്കിടെ കനേഡിയൻ ഉൽപാദകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി യുഎസ് മദ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തണമെന്ന് ആൽബെർട്ട സർക്കാർ മാർച്ചിൽ നിർദേശിച്ചിരുന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണമെന്നും, അമേരിക്കൻ വിപണിയിലൂടെ കനേഡിയൻ ബ്രാൻഡുകൾക്ക് ഉണ്ടാകുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത് നടപടി ന്യായീകരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് പ്രസ്താവനയുമായി രംഗത്തുവന്ന ആൽബെർട്ടയുടെ റെഡ് ടേപ്പ് റിഡക്ഷൻ സർവീസ് മന്ത്രി ഡെയ്ൽ നാലി, ഇപ്പോഴത്തെ മാറ്റം കാനഡ-യുഎസ്-മെക്സിക്കോ കരാർ പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാര ബന്ധങ്ങളിൽ പുതിയൊരു മാറ്റം നിർദേശിക്കുമെന്ന് പറഞ്ഞു. ആൽബെർട്ടയുടെ സാമ്പത്തിക വളർച്ചയ്ക്കും വ്യാപാര സാധ്യതകൾക്കുമുള്ള ഗതിമാറ്റമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
AGLC-യിൽ രജിസ്റ്റർ ചെയ്തതും കാനഡ ബോർഡർ സർവീസസ് ഏജൻസിയിൽ പ്രഖ്യാപിച്ചതുമായ എല്ലാ യുഎസ് മദ്യ ഉൽപ്പന്നങ്ങൾക്കും ഈ മാറ്റം ബാധകമാകും. മാർച്ച് 4 ന് ശേഷം കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങൾക്ക് ഇൻവോയ്സ് വിലയുടെ 25 ശതമാനം സർചാർജ് തുടരുമെന്നും എജിഎൽസി അറിയിച്ചു.



