വാൻകൂവർ: രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമേരിക്കൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ ടൈലർ ജാഗേഴ്സ് അന്തരിച്ചു. ഫെബ്രുവരി 27-ന് വാൻകൂവർ ഐലൻഡിന് സമീപം ‘മോവി ആരോ’ എന്ന ചരക്ക് കപ്പലിൽ നിന്ന് രോഗിയെ മാറ്റുന്നതിനുള്ള അടിയന്തര രക്ഷാദൗത്യത്തിനിടെയാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ഒറിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ സർവൈവൽ ടെക്നീഷ്യനായിരുന്നു ജാഗേഴ്സ്.
കടലിൽ വെച്ച് പരിക്കേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ വിക്ടോറിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വാഷിംഗ്ടൺ സ്റ്റേറ്റിലെ സൈനിക മെഡിക്കൽ സെന്ററിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. മരണത്തിന് തൊട്ടുമുമ്പ് ഇദ്ദേഹത്തിന്റെ ധീരത പരിഗണിച്ച് അമേരിക്കൻ സൈന്യത്തിലെ ഉയർന്ന ബഹുമതികളിലൊന്നായ ‘ഡിസ്റ്റിംഗുഷ്ഡ് ഫ്ലൈയിംഗ് ക്രോസ്’ നൽകി ആദരിച്ചിരുന്നു.
2022 മുതൽ കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിക്കുന്ന ജാഗേഴ്സ് മുൻപും മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഏജൻസി അന്വേഷണം ആരംഭിച്ചു. സഹജീവികളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ ജീവൻ ബലിയർപ്പിച്ച ജാഗേഴ്സിനെ ധീരനായ പോരാളിയെന്നാണ് കോസ്റ്റ് ഗാർഡ് അഡ്മിറൽ കെവിൻ ലണ്ടി വിശേഷിപ്പിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
After medevac off Vancouver Island, a U.S. Coast Guard member dies from injuries


