ബാലതാരമായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുകയാണ് നടി സനുഷ. 2000-ൽ വിനയൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദാദാ സാഹിബിലൂടെയാണ് സനുഷ സിനിമയിലെത്തുന്നത്. പിന്നീട്, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചു. 2012-ൽ ദിലീപ് ചിത്രം മിസ്റ്റർ മരുമകനിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറി.
‘കാഴ്ച’, ‘മീശമാധവൻ’, ‘മാമ്പഴക്കാലം’ എന്നീ സിനിമകളിലെ പ്രകടനം സനുഷയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി. 2004-ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ‘കാഴ്ച’യിലെ അഭിനയത്തിന് ലഭിച്ചു. മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി സനുഷ മാറുമെന്ന് ചലച്ചിത്രവൃത്തങ്ങൾ പ്രതീക്ഷിച്ചു.
എന്നാൽ, നായികയായി വന്നതോടെ ബാലതാരമായി ലഭിച്ചതുപോലുള്ള അംഗീകാരം സനുഷയ്ക്ക് നേടാനായില്ല. നായികയായി അഭിനയിച്ച സിനിമകൾ ശരാശരി വിജയങ്ങളിലൊതുങ്ങി. “ഒരു നായികയായി പലരും എന്നെ അംഗീകരിച്ചിട്ടില്ല,” എന്ന് അക്കാലത്ത് സനുഷ വേദനയോടെ തുറന്നുപറഞ്ഞിരുന്നു.
അപ്രതീക്ഷിത വഴിത്തിരിവ്: ഉപരിപഠനത്തിലേക്ക്
നായികയായി പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ലെങ്കിലും അനിശ്ചിതത്വം നിറഞ്ഞ സിനിമാ ലോകത്തെ മാത്രം വിശ്വസിച്ച് ജീവിതം തള്ളിനീക്കാതെ അക്കാദമിക് തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന പ്രായോഗിക ബുദ്ധിയാണ് സനുഷയെ നയിച്ചത്. കണ്ണൂർ എസ്.എൻ. കോളേജിൽനിന്ന് കൊമേഴ്‌സിൽ ബിരുദവും സെന്റ് തെരേസാസ് കോളേജിൽനിന്ന് സോഷ്യോളജിയിൽ മാസ്റ്റർ ബിരുദവും സനുഷ നേടിയിരുന്നു.
പെട്ടെന്ന് സിനിമാ രംഗത്തുനിന്ന് അപ്രത്യക്ഷമായ സനുഷ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു എം.എസ്.സി. ബിരുദധാരിയായിട്ടാണ്. ലോകപ്രശസ്തമായ സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റി എന്ന വിഷയത്തിലാണ് സനുഷ രണ്ടാമത്തെ മാസ്റ്റർ ബിരുദം നേടിയത്. ഒരു അഭിനേത്രിയെ സംബന്ധിച്ചിടത്തോളം ഈ വഴിമാറ്റം അസാധാരണമായിരുന്നു.
ഡിപ്രഷനെ അതിജീവിച്ച കഥ
വിദേശ പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് മുൻപ് താൻ അനുഭവിച്ച കടുത്ത ഡിപ്രഷനെക്കുറിച്ച് സനുഷ യൂട്യൂബ് ചാനലുകളിലൂടെ തുറന്നുപറഞ്ഞിരുന്നു.
“ഒരു ഘട്ടം വന്നപ്പോൾ ജീവിതം അവസാനിപ്പിച്ചേക്കുമോ എന്ന് പോലും സംശയിച്ചു. വല്ലാത്ത ആങ്‌സൈറ്റി ഇഷ്യൂസ് മനസ്സിനെ കാർന്നു തിന്നുന്നു എന്ന് തോന്നിയപ്പോൾ വളരെ അടുപ്പമുള്ള ഒരു സുഹൃത്തുമായി അവസ്ഥ പങ്കുവെച്ചു. അന്നും സമൂഹമാധ്യമങ്ങളിൽ ചിരിച്ച സന്തോഷമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്. കൗൺസലിങ്ങിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയും ഡോക്ടറുടെ സഹായം തേടുകയും ചെയ്തു.” സനുഷ ഇങ്ങനെയായിരുന്നു അന്ന് പറഞ്ഞിരുന്നത്.
ഈ വിഷമഘട്ടത്തിൽ കുടുംബം, പ്രത്യേകിച്ച് അനിയൻ സനൂപ്, നൽകിയ പിന്തുണയെക്കുറിച്ചും താരം പറയുന്നു. യോഗ, മെഡിറ്റേഷൻ, വർക്ക് ഔട്ട്, യാത്രകൾ എന്നിവയിലൂടെയാണ് സനുഷ ആ അവസ്ഥയിൽനിന്ന് കരകയറിയത്. “പ്രശ്‌നങ്ങൾ വരുമ്പോൾ ഏറെ അടുപ്പമുള്ളവരുമായി അത് പങ്കുവെക്കണം. അവരുടെ സഹായത്തോടെ പരിഹാരം കണ്ടെത്തണം. അതിജീവനം… അതിനോളം പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഒരു വാക്ക് വേറെയില്ല,” എന്ന് സനുഷ പറയുന്നു.
പോസിറ്റീവ് നിലപാടുകൾ
പഠനകാലത്ത് പാർട്ട് ടൈം ജോലി ചെയ്തും കഠിനാധ്വാനം ചെയ്തും വിജയം നേടിയതിൽ ഇന്ന് സനുഷയ്ക്ക് ആത്മാഭിമാനം മാത്രമാണുള്ളത്.ഏഴ് വർഷം മുൻപ് ട്രെയിൻ യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവത്തിൽ ശക്തമായി പ്രതികരിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. “പെൺകുട്ടികൾ പ്രതികരിക്കാൻ മടിക്കുന്നതാണ് ഇത്തരക്കാർക്ക് വളമാകുന്നത്,” എന്നും അവർ അഭിപ്രായപ്പെടുന്നു.
പി.സി.ഒ.ഡി (PCOD) എന്ന ആരോഗ്യപ്രശ്‌നം കാരണം ശരീരഭാരം കൂടിയപ്പോൾ ഉണ്ടായ ബോഡി ഷെയിമിംഗ് വേദനാജനകമായിരുന്നു. ഒരാൾ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയാൻ ശ്രമിക്കാതെ കമന്റടിക്കുന്നത് ആത്മവിശ്വാസം കുറയ്ക്കാൻ മാത്രമേ സഹായിക്കൂ എന്നും സനുഷ പറയുന്നു. വർഷങ്ങൾക്ക് ശേഷവും ആളുകൾ ഓർത്തിരിക്കുന്ന ഒരു റോളെങ്കിലും ചെയ്യാൻ കഴിയണം. രണ്ട് കാര്യങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനമായി കാണുന്നത്. ഒന്ന് നമ്മൾ നമ്മളെ സ്‌നേഹിക്കുക. പിന്നെ നല്ലത് ചെയ്യുക. ഉറപ്പായും നല്ലത് നമ്മെ തേടി വരും സനുഷ പറയുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Malayalam Actress Sanusha Celebrating 25 years in Cinema



