ഓസ്ട്രേലിയയിലെ മെൽബൺ വിമാനത്താവളത്തിൽ വെച്ച് മുല്ലപ്പൂ കൈവശം വെച്ചതിന് പിഴയടക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് നടി നവ്യ നായർ. പിഴ അടയ്ക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചാണ് നവ്യ നായർ രസകരമായി സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നടിക്ക് ഈ ദുരനുഭവം ഉണ്ടായത്. വിമാനത്താവളത്തിൽ ഭക്ഷണം കഴിക്കുന്നതിന്റെയും ഫ്ലൈറ്റിൽ കയറുന്നതിന്റെയും ഷോപ്പിങ്ങിന്റെയും ദൃശ്യങ്ങളാണ് നവ്യ പങ്കുവെച്ചത്. കേരള സാരി ഉടുത്ത് മുല്ലപ്പൂ ചൂടിയാണ് നവ്യ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം ‘ഓണം മൂഡ്’ എന്ന പാട്ടും ചേർത്തിട്ടുണ്ട്.
വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി നടൻ രമേഷ് പിഷാരടിയടക്കമുള്ളവർ എത്തിയിട്ടുണ്ട്. ‘അയാം ഫൈൻ താങ്ക്യൂ’ എന്നാണ് രമേഷ് പിഷാരടി കമന്റ് ചെയ്തത്. ‘ഏത് മൂഡ്… ഫൈൻ മൂഡ്’, ‘ഒന്നേ മുക്കാൽ ലക്ഷത്തിന്റെ തല’ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഓണപ്പരിപാടിയിൽ വെച്ച് നവ്യ തന്നെയാണ് പിഴയടച്ച അനുഭവം പങ്കുവെച്ചത്. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നും, ഇതിന് 1,980 ഡോളർ (ഏകദേശം ഒന്നേകാൽ ലക്ഷം രൂപ) പിഴ ചുമത്തിയെന്നും നടി പറഞ്ഞു. വിമാനത്താവളത്തിൽ മുല്ലപ്പൂ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇത് മനപ്പൂർവ്വം സംഭവിച്ച തെറ്റല്ലെന്നും നവ്യ വ്യക്തമാക്കി. 28 ദിവസത്തിനകം പിഴയടയ്ക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടതെന്നും നവ്യ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Actress Navya Nair was fined at Melbourne Airport for carrying jasmine flowers. This incident, involving a fine for a seemingly innocent act, has sparked widespread discussion.



