മെൽബൺ:15 സെന്റീമീറ്റർ മുല്ലപ്പൂ കൈവശം വെച്ചതിന് ഒരു ലക്ഷം രൂപയിലേറെ പിഴയടച്ച് നടി നവ്യാ നായർ. ഓസ്‌ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഓസ്‌ട്രേലിയയുടെ കർശനമായ ജൈവസുരക്ഷാ നിയമങ്ങളെക്കുറിച്ച് അറിയാതെ പോയതാണ് താരത്തിന് വിനയായത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ്റെ ഓണപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നവ്യ തന്നെയാണ് ഈ അനുഭവം സദസ്സുമായി പങ്കുവെച്ചത്.
സംഭവം ഇങ്ങനെ:
ഓസ്‌ട്രേലിയയിലേക്കുള്ള യാത്രക്ക് മുമ്പ് നവ്യയുടെ അച്ഛനാണ് മുല്ലപ്പൂവ് വാങ്ങിക്കൊടുത്തത്. കൊച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുമ്പോൾ ഒരു കഷണം മുടിയിൽ വെക്കാനും, സിംഗപ്പൂരിൽ നിന്ന് മെൽബണിലേക്ക് പോകുമ്പോൾ വെക്കാനായി മറ്റൊരു കഷണം കൈയ്യിലുള്ള ബാഗിൽ വെക്കാനും അദ്ദേഹം പറഞ്ഞു. അച്ഛൻ പറഞ്ഞതുപോലെ ചെയ്തെങ്കിലും, ഇത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ പറയുന്നു. ‘അറിവില്ലായ്മ ഒരു ഒഴിവുകഴിവല്ലെന്ന് എനിക്കറിയാം. പക്ഷേ, അത് മനഃപൂർവമായിരുന്നില്ല. 1980 ഓസ്ട്രേലിയൻ ഡോളർ പിഴ അടയ്ക്കാൻ അവർ ആവശ്യപ്പെട്ടു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദ്ദേശിച്ചത്,’ നവ്യ പറഞ്ഞു. തമാശയോടെയാണ് നവ്യ ഈ സംഭവം വിവരിച്ചത്. ഒരു ലക്ഷം രൂപയുടെ മുല്ലപ്പൂവും വെച്ചാണ് താൻ ഓസ്ട്രേലിയയിൽ എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.
എന്താണ് നിയമം?
ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമമനുസരിച്ച് വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ഓസ്ട്രേലിയൻ പരിസ്ഥിതിക്ക് ദോഷകരമായ രോഗങ്ങളെയും സൂക്ഷ്മജീവികളെയും രാജ്യത്തേക്ക് എത്തിക്കാൻ കാരണമാകുമെന്നതിനാലാണ് ഇത്തരമൊരു നടപടി. ഇത്തരം ജീവികൾ ഓസ്ട്രേലിയയിലെ കൃഷിക്കും വനത്തിനും നാശമുണ്ടാക്കുകയും തദ്ദേശീയ സസ്യങ്ങളെയും ജന്തുക്കളെയും അപകടത്തിലാക്കുകയും ചെയ്യും.
ഓസ്‌ട്രേലിയ മുമ്പ് ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 1859-ൽ വിനോദത്തിനായി യൂറോപ്പിൽ നിന്ന് കൊണ്ടുവന്ന മുയലുകൾ വൻതോതിൽ പെരുകി കൃഷിഭൂമി നശിപ്പിച്ചു. അതുപോലെ, കരിമ്പ് കൃഷിയിലെ കീടങ്ങളെ നിയന്ത്രിക്കാൻ കൊണ്ടുവന്ന തവളകളും, വേലി കെട്ടാൻ ഉപയോഗിച്ച കള്ളിമുൾച്ചെടികളും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. യു.എസ്, ജപ്പാൻ, കാനഡ, ന്യൂസിലാൻഡ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ കർശനമായ ജൈവസുരക്ഷാ നിയമങ്ങളുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Actress Navya Nair fined Rs 1.5 lakh in Australia for flying with jasmine flowers



