കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാണ് പ്രതിയുടെ ആവശ്യം. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയ അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്ന് മാർട്ടിൻ അപ്പീലിൽ വാദിക്കുന്നു. വിചാരണ കോടതി ദിലീപിനെ വിട്ടയച്ചതിന് പിന്നാലെയാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികളും നിയമനടപടികളുമായി മുന്നോട്ട് നീങ്ങുന്നത്.
താൻ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും കേവലം ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മാർട്ടിൻ വാദിക്കുന്നു. സംഭവസമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നും അതിജീവിതയുമായി തനിക്ക് മുൻ വൈരാഗ്യമില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. ക്രിമിനൽ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും മാർട്ടിൻ ആരോപിക്കുന്നു. നേരത്തെ, മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്.
അതേസമയം, ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ വേളയിൽ ജഡ്ജ് ഹണി എം. വർഗീസ് നടത്തിയ അടച്ചിട്ട മുറിയിലെ വാദങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ചോർത്തിയെന്നാണ് ദിലീപിന്റെ പ്രധാന ആരോപണം. കൂടാതെ, കോടതിയിൽ പറയാത്ത കാര്യങ്ങൾ പോലും ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചതായും ദിലീപ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിചാരണ കോടതിയുടെ വിധിയിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാർ അപ്പീലിന് ഒരുങ്ങുന്നതിനിടെയാണ് പ്രതികളുടെ ഭാഗത്തുനിന്നുള്ള ഈ നീക്കങ്ങൾ. മാർട്ടിനെ കൂടാതെ കേസിൽ ശിക്ഷിക്കപ്പെട്ട എച്ച്. സലീം, പ്രദീപ് എന്നിവരും നേരത്തെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിൽ കോടതി എടുക്കുന്ന തീരുമാനം ഈ കേസിന്റെ തുടർനടപടികളിൽ നിർണ്ണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Actress attack case: High Court to consider second accused’s appeal to quash sentence today



