കൊച്ചി: 2017-ൽ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജസ്റ്റിസ് ഹണി എം. വർഗീസാണ് വിധി പ്രസ്താവം നടത്തിയത്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്നും വിധിപ്രസ്താവത്തിൽ ജഡ്ജി വ്യക്തമാക്കി.
പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് ഉത്തരവ്. പ്രതികൾ വിചാരണ തടവുകാരായി അനുഭവിച്ച കാലയളവ് ശിക്ഷയിൽ കുറയ്ക്കും. പൾസർ സുനി 7 വർഷവും മാർട്ടിൻ ആന്റണി 7 വർഷവും മണികണ്ഠൻ 3.5 വർഷവും വിജീഷ് 3.5 വർഷവും വടിവാൾ സലീം 2 വർഷവും പ്രതീപ് 2 വർഷവുമാണ് വിചാരണ തടവുകാലയളവിൽ ജയിലിൽ കഴിഞ്ഞത്. ശിക്ഷാ പ്രഖ്യാപനത്തിന് മുന്നോടിയായി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കോടതി കേട്ടിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ട പ്രധാന കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി.) വിവിധ വകുപ്പുകൾ പ്രകാരമുള്ളവയാണ്. ഇതിൽ പ്രധാനമായി ഉൾപ്പെടുന്നത് കൂട്ടബലാത്സംഗം (ഐ.പി.സി. 376 ഡി), സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ (ഐ.പി.സി. 366), അന്യായമായി തടങ്കലിൽ വയ്ക്കൽ (ഐ.പി.സി. 342) എന്നീ ഗുരുതര കുറ്റങ്ങളാണ്. കൂടാതെ, സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം (ഐ.പി.സി. 354), സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം (ഐ.പി.സി. 354(B)), ക്രിമിനൽ ബലപ്രയോഗം (ഐ.പി.സി. 357) എന്നിവയും പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടു. ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Actress attack case: Court sentences six accused to 20 years rigorous imprisonment



