എൻഡിപിസി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു
പ്രശസ്ത മലയാള നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗവും ഗൂഢാലോചനയും ഉൾപ്പെടുന്ന കേസിൽ പൊലീസ് കസ്റ്റഡിയിലായി. എൻഡിപിസി ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങൾക്ക് 10 മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൊച്ചിയിലെ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. എന്നാൽ സ്റ്റേഷനിൽ എത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചില്ല.
പൊലീസിന്റെ അന്വേഷണത്തിൽ, ഷൈനിന്റെ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കുന്നു. ഹോട്ടലിൽ ‘ഡാൻസാഫ്’ അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയതായി പൊലീസ് പറയുന്നു. കൂടാതെ, പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിന്റെ തെളിവുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്തത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, ഫോൺ കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
എന്നാൽ ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ അവരെ ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിന്റെ തുടർ അന്വേഷണം നടന്നുവരികയാണ്, കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാം എന്നാണ് സൂചന.



