വാഷിംഗ്ടൺ: വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് താനാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. 2026 ജനുവരിയിൽ താൻ അധികാരമേറ്റതായി കാണിക്കുന്ന വിക്കിപീഡിയ പേജിന് സമാനമായ ഒരു ചിത്രവും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചു. വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മദൂറോയെ യുഎസ് സൈന്യം പിടികൂടി ദിവസങ്ങൾക്കകമാണ് ട്രംപിൻ്റെ ഈ വിവാദ നീക്കം.
തിങ്കളാഴ്ച പങ്കുവെച്ച കുറിപ്പിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡൻ്റ് എന്നതിന് പുറമെ ‘വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ്’ എന്ന പദവി കൂടി ട്രംപ് തൻ്റെ പ്രൊഫൈലിൽ ചേർത്തിട്ടുണ്ട്. ജനുവരി മൂന്നിന് രാത്രി യുഎസ് സൈന്യം നടത്തിയ പ്രത്യേക സൈനിക നീക്കത്തിലൂടെയാണ് മദൂറോയെ തട്ടിക്കൊണ്ടുപോയത്. വെനിസ്വേലൻ എണ്ണസമ്പത്തിന് മേൽ നിയന്ത്രണം ഉറപ്പാക്കാനാണ് ഈ നീക്കമെന്ന ആരോപണം നിലനിൽക്കെയാണ്, രാജ്യം താൽക്കാലികമായി യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നത്.
അതേസമയം, മദൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റായി നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വെനിസ്വേലൻ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി. എന്നാൽ, വെനിസ്വേലയിൽ സുരക്ഷിതമായ ഭരണം ഉറപ്പാക്കുന്നത് വരെ രാജ്യം തങ്ങൾ നയിക്കുമെന്നാണ് ട്രംപിൻ്റെ നിലപാട്. വെനിസ്വേലയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുമെന്നും അതിൽ നിന്നുള്ള വരുമാനം ഇരുരാജ്യങ്ങൾക്കും ഗുണകരമായ രീതിയിൽ തൻ്റെ മേൽനോട്ടത്തിൽ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിൻ്റെ പുതിയ അവകാശവാദം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഒരു പരമാധികാര രാഷ്ട്രത്തിൻ്റെ തലവനെന്ന നിലയിൽ ട്രംപ് നടത്തുന്ന ഇത്തരം നീക്കങ്ങൾ നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വെനിസ്വേലൻ എണ്ണ വിപണി പിടിച്ചെടുക്കാനുള്ള യുഎസ് താൽപ്പര്യങ്ങളാണ് ഈ സൈനിക-രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിലെന്നും വിലയിരുത്തലുകളുണ്ട്. വിഷയത്തിൽ വെനിസ്വേലൻ ഭരണകൂടത്തിൻ്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Acting President of Venezuela’; Donald Trump makes new claim on Truth Social



