കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ പുതിയ പ്രീമിയറിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സ്ഥിരീകരിച്ചു. സെന്റ് ജോൺസിൽ നടക്കുന്ന ലിബറൽ പാർട്ടി കൺവെൻഷനിൽ ഇന്ന് ഉച്ചതിരിഞ്ഞ് 2:45 ന് (ന്യൂഫൗണ്ട്ലാന്റ് സമയം) ഫലം പ്രഖ്യാപിക്കും. ജോൺ അബോട്ടും ജോൺ ഹോഗനും തമ്മിലുള്ള ഈ നേതൃത്വമത്സരത്തിൽ വിജയി പ്രവിശ്യയുടെ 15-ാമത്തെ പ്രീമിയറായി ചുമതലയേൽക്കും.
ഫെബ്രുവരിമാസത്തിൽ പ്രീമിയർ ആൻഡ്രൂ ഫ്യൂറി രാജിവച്ചതിനെത്തുടർന്നാണ് ഈ നേതൃത്വ ചർച്ച. ശസ്ത്രക്രിയാവിദഗ്ധൻകൂടിയായ ഫ്യൂറി, ചികിത്സാരംഗത്തേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് അറിയിച്ചിരുന്നു. കോവിഡ്-19 മഹാമാരിയും സാമ്പത്തിക പ്രതിസന്ധികളും കൈകാര്യം ചെയ്തതിലൂടെ ഫ്യൂറി പ്രവിശ്യയ്ക്ക് നേതൃത്വം നൽകിയിരുന്നു.
“പ്രവിശ്യയുടെ ഭാവിയെക്കുറിച്ച് പ്രത്യാശയോടെ നോക്കുന്നു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണ്,” പ്രമുഖ സർക്കാർ ഉദ്യോഗസ്ഥനായ ജോൺ അബോട്ട് പറഞ്ഞു. 2020-ൽ നടന്ന മുൻ നേതൃത്വമത്സരത്തിൽ ഫ്യൂറിയോട് പരാജയപെട്ട അബോട്ട് ഇത് രണ്ടാമതാണ് നേതൃത്വത്തിനായി മത്സരിക്കുന്നത്. നിലവിലെ നീതിന്യായവകുപ്പ് മന്ത്രി കൂടിയായ അഭിഭാഷകൻ ജോൺ ഹോഗനാണ് അബോട്ടിന്റെ എതിരാളി.
പുതിയ പ്രീമിയർ ലിബറൽ പാർട്ടിയുടെ നേതാവായും ഉത്തരവാദിത്തമേൽക്കും. ഒക്ടോബറിനുമുമ്പ് പൊതുതെരഞ്ഞെടുപ്പ് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.



