സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം “കൂലി”യെക്കുറിച്ചുള്ള ആകാംഷകൾക്ക് ആക്കം കൂട്ടി ബോളിവുഡ് താരം ആമിർ ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ആമിർ ഖാന്റെ കഥാപാത്രമായ ദഹായുടെ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണാടിയും വെച്ച്, സ്റ്റൈലായി സിഗരറ്റ് വലിക്കുന്ന ആമിറിന്റെ മാസ് ലുക്കാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഈ വർഷം കോളിവുഡിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് “കൂലി”.
പിങ്ക് വില്ലയുടെ റിപ്പോർട്ടുകൾ പ്രകാരം, ആമിർ ഖാൻ ഏകദേശം 15 മിനിറ്റോളം ചിത്രത്തിൽ പ്രത്യക്ഷപ്പെടും. രജനികാന്തിനൊപ്പം ആക്ഷൻ രംഗങ്ങളിലടക്കം ആമിർ ഖാൻ സ്ക്രീൻ പങ്കിടുമെന്നും ലോകേഷ് കനകരാജ് അതിനായി പ്രത്യേക രംഗങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് വിവരം. “കൂലി”ക്ക് വേണ്ടി പത്ത് ദിവസമാണ് ആമിർ ഖാൻ ഷൂട്ട് ചെയ്തത്. ആമിർ ഖാന്റെ സാന്നിധ്യം തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് ആമിർ ഖാൻ ചിത്രത്തിൽ എത്തുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
രജനികാന്തിന്റെ വലിയ ആരാധകനാണ് താനെന്നും, അദ്ദേഹത്തിന്റെ ചിത്രമായതുകൊണ്ട് കഥ പോലും കേൾക്കാതെയാണ് “കൂലി”യിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ ഖാൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലാണ് “കൂലി” റിലീസ് ചെയ്യുന്നത്. ഐമാക്സ് സ്ക്രീനുകളിലും ചിത്രം പ്രദർശനത്തിനെത്തും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്. ആഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ കൂടാതെ മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതവും ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.



