വിക്ടോറിയ: മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ തൃശൂർ നടത്തറ സ്വദേശി രാജേഷ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. തന്റെ മിത്സുബിഷി ഔട്ട്ലാൻഡർ എസ്‌യുവിക്ക് വിക്ടോറിയയിൽ തൃശൂർ എന്ന നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഈ മലയാളി. ജന്മനാടിനോടുള്ള സ്നേഹം കടൽ കടന്നപ്പോഴും കൈവിടാതെ കാത്ത രാജേഷിന്റെ വാഹനമിനി കാനഡയിലെ നിരത്തുകളിൽ തൃശൂർ പെരുമ വിളിച്ചോതും.
ബ്രിട്ടിഷ് കൊളംബിയയിൽ ഇഷ്ടമുള്ള പേരോ നമ്പറോ വാഹനങ്ങൾക്ക് നൽകാൻ സാധിക്കുമെന്ന നിയമമാണ് രാജേഷിന് തുണയായത്. ആറ് അക്ഷരങ്ങളോ നമ്പറുകളോ ചേർത്തുള്ള കോമ്പിനേഷനുകൾ ഇത്തരത്തിൽ വാഹന പ്ലേറ്റുകളായി ഉപയോഗിക്കാം. താൽപര്യമുള്ള കോംബിനേഷനുകൾ ലിസ്റ്റ് ചെയ്ത്, അത് ഓരോന്നും ഏതൊക്കെയാണ് എന്ന് വിശദീകരണം അടക്കം പ്രൊവിൻസിലെ ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കണം. ആവശ്യപ്പെട്ടിരിക്കുന്ന ലൈസൻസ് പ്ലേറ്റോ അതിന് സമാനമായ മറ്റൊരു പേരോ പ്രവിശ്യയിൽ മറ്റാർക്കും ഇല്ലാത്ത പക്ഷം അപേക്ഷ പരിഗണിക്കുകയും ലൈസൻസ് പ്ലേറ്റ് അനുവദിക്കുകയും ചെയ്യും. മാസങ്ങൾക്ക് മുൻപ് അങ്ങനെ അപേക്ഷിക്കുമ്പോൾ ‘തൃശൂർ, പാലക്കാട്, കേരള’ എന്നിങ്ങനെ മൂന്ന് പേരുകളാണ് രാജേഷ് ലിസ്റ്റ് ചെയ്തിരുന്നത്. ഇതിൽ തൃശൂർ തന്നെ രാജേഷിന് അനുവദിച്ച് കിട്ടി. നേരത്തെ ഇതേ പ്രവിശ്യയിൽ ഈ പേര് ആരും രജിസ്റ്റർ ചെയ്യാത്തതിനാലാണ് രാജേഷിന് ‘TRISUR’ എന്ന പ്ലേറ്റ് ലഭിച്ചത്. നാടും വീടും സൗഹൃദങ്ങളും അത്രയേറെ പ്രിയപ്പെട്ട രാജേഷ് “And thus, ‘Trisur’ will cruise the roads of Victoria” എന്ന് കുറിച്ചുകൊണ്ടാണ് ഈ സന്തോഷം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇതുപോലെ രസകരമായ നമ്പർ പ്ലേറ്റുകൾ കാനഡയിൽ ഒരുപാടുണ്ട് തൃശൂരുകാരൻ രാജേഷിന്റെ കഥ ഇതിൽ ഒന്നുമാത്രം.
A Thrissur native in Canada secures a personalized license plate for his car, proudly displaying his hometown’s name.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



