സെന്റ് തോമസ്: മാരകമായ ഹൃദ്രോഗത്തോട് പൊരുതുന്ന വെസ് ജോൺസൺ എന്ന പതിനേഴുകാരനെ സെന്റ് തോമസ് പോലീസ് സർവീസ് ആദരപൂർവ്വം സേനയുടെ ഭാഗമായി സ്വീകരിച്ചു. ബുധനാഴ്ച പോലീസ് ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ വെസിനെ ‘ഓണററി കേഡറ്റ്’ ആയി പ്രഖ്യാപിച്ചുകൊണ്ട് പോലീസ് വിഭാഗം ജോൺസണെ സ്വീകരിച്ചത്. പോലീസ് ഉദ്യോഗസ്ഥനാകണമെന്ന വെസിന്റെ കുട്ടിക്കാലത്തെ ആഗ്രഹം സഫലമാക്കുന്നതിനും അവന്റെ പോരാട്ടവീര്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് സേന ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.
ഔദ്യോഗിക ബാഡ്ജിംഗ് ചടങ്ങിലൂടെ സ്വന്തമായി യൂണിഫോമും ബാഡ്ജും വെസ് ജോൺസൺ ഏറ്റുവാങ്ങി. ചടങ്ങിൽ സേവനപ്രതിജ്ഞ ചൊല്ലിയ വെസ്, തുടർന്ന് കെ-9 യൂണിറ്റ് സന്ദർശിക്കുകയും പോലീസ് ആസ്ഥാനത്തെ പരിശീലനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. ജന്മനാ ഹൃദയത്തിന് ഗുരുതരമായ തകരാർ ബാധിച്ച (ഹൈപോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം) വെസ്, നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. എന്നാൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ ഏതാനും ആഴ്ചകൾ മാത്രമേ ആയുസ്സുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ സാഹചര്യത്തിലാണ് ഈ ആദരം വെസിനെ തേടിയെത്തിയത്.
സമൂഹത്തിലെ കരുണയുടെയും അതിജീവനത്തിന്റെയും പ്രതീകമാണ് വെസ് എന്ന് പോലീസ് ചീഫ് മാർക്ക് റോസ്കാംപ് ചടങ്ങിൽ പറഞ്ഞു. മേയർ ജോ പ്രെസ്റ്റൺ, നഗരസഭാ അംഗങ്ങൾ, പോലീസ് സർവീസ് ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കുറഞ്ഞ സമയം കൊണ്ട് തന്റെ ആഗ്രഹങ്ങൾ ഓരോന്നായി പൂർത്തിയാക്കുന്ന വെസ്, കഴിഞ്ഞ മാസങ്ങളിൽ ടൊറന്റോ ബ്ലൂ ജെയ്സ് ടീമിനെ സന്ദർശിച്ചിരുന്നു. പോലീസിംഗ് എന്നത് കേവലം നിയമപാലനം മാത്രമല്ല, മനുഷ്യബന്ധങ്ങളുടേത് കൂടിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ഹൃദ്യമായ ചടങ്ങ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
A smile that never fades even in the shadow of death; 17-year-old Wes Johnson is now an honorary cadet with the St. Thomas Police



