ഫ്രാൻസിസ് മാർപാപ്പയ്ക്ക് യാത്രാമൊഴിയേകാൻ ലോകനേതാക്കൾ ഇന്ന് വത്തിക്കാനിൽ ഒത്തുചേരുന്നു. കാനഡ സമയം 4 മണിയോടെ സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. മാർപാപ്പയുടെ സ്വന്തം ആഗ്രഹപ്രകാരമാണ് സംസ്കാരം സെന്റ് മേരി മേജർ ബസിലിക്കയിൽ നടത്തുന്നത്. രണ്ടുലക്ഷത്തിലധികം വിശ്വാസികൾ സെന്റ് പീറ്റേഴ്സിൽ എത്തിച്ചേരുമെന്നാണ് വത്തിക്കാൻ അധികൃതർ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കാനഡയെ പ്രതിനിധീകരിച്ച് ഗവർണ്ണർ ജനറൽ. മാരി സിമോൺ ആണ് പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിനും വത്തിക്കാനിലെത്തിയിട്ടുണ്ട്.
ഏപ്രിൽ 21-നാണ് 87 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചിരുന്നു. തന്റെ അന്ത്യവിശ്രമം സെന്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്നും പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായി ലളിതമായ ശവകുടീരമൊരുക്കണമെന്നും മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ശവകുടീരത്തിൽ ഒരു അലങ്കാരങ്ങളും വേണ്ടെന്നും, തന്റെ പേര് ലാറ്റിൻ ഭാഷയിൽ ‘ഫ്രാൻസിസ്’ എന്നു മാത്രം എഴുതിയാൽ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു, ഇത് അദ്ദേഹത്തിന്റെ എളിമയുടെ ഒരു പ്രതിഫലനമായി കരുതപ്പെടുന്നു.
2013 മാർച്ച് 19-നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് തലവനായി സ്ഥാനമേറ്റത്. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തെ തുടർന്നായിരുന്നു ഇത്. ജോർജ് മാരിയോ ബർഗോളിയോ എന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിച്ചു. പോപ്പായി തെരഞ്ഞെടുക്കുന്നതിന് മുമ്പ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തിയെന്ന ചരിത്രപരമായ പ്രാധാന്യവും അദ്ദേഹത്തിനുണ്ട്. എളിമയും സേവനമനോഭാവവും പ്രകടിപ്പിച്ച അദ്ദേഹം കത്തോലിക്കാസഭയിൽ പല പരിഷ്കാരങ്ങളും കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.



