തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റിലെ വെന്നിക്കൊടി പാറിച്ച ടീം ഇന്ത്യയുടെ ഔദ്യോഗിക ജേഴ്‌സിയിൽ സുപ്രധാന മാറ്റം വരുത്തി ബിസിസിഐ. മൂന്നാം തവണയും ടി20 ലോകകിരീടം ചൂടിയതിന്റെ അടയാളമായി ജേഴ്‌സിയിലെ ബിസിസിഐ മുദ്രയ്ക്ക് മുകളിൽ മൂന്നാമതൊരു നക്ഷത്രം കൂടി ഉൾപ്പെടുത്തി. 2007, 2024 വർഷങ്ങളിലെ വിജയങ്ങളെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങളായിരുന്നു ഇതുവരെ ജേഴ്‌സിയിലുണ്ടായിരുന്നത്. 2026-ലെ ഐതിഹാസിക വിജയത്തിന് പിന്നാലെ പുതിയ മാറ്റങ്ങളോടെയുള്ള ജേഴ്‌സിയുടെ വീഡിയോ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന റെക്കോർഡ് സ്കോറാണ് പടുത്തുയർത്തിയത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ കരുത്ത്. 46 പന്തിൽ നിന്ന് 5 സിക്സറുകളും 8 ഫോറുകളുമടക്കം 89 റൺസെടുത്ത സഞ്ജു ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പണർമാരായ അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവർ നൽകിയ തുടക്കവും അവസാന ഓവറുകളിൽ എട്ട് പന്തിൽ 26 റൺസുമായി ശിവം ദുബെ നടത്തിയ മിന്നും പ്രകടനവുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 19 ഓവറിൽ 159 റൺസിന് കിവിപ്പട കൂടാരം കയറി. നാല് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറ ഫൈനലിലെ താരമായപ്പോൾ, മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേൽ ന്യൂസിലൻഡിന്റെ മധ്യനിരയെ തകർത്തു. ഈ വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും സ്വന്തം മണ്ണിൽ ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി.
ലോകക്രിക്കറ്റിലെ ഇന്ത്യൻ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാണ് ജേഴ്‌സിയിലെ ഈ പുതിയ മാറ്റം. ബിസിസിഐ പങ്കുവെച്ച പുതിയ ജേഴ്‌സിയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. കിരീടനേട്ടത്തിന് പിന്നാലെ ടീം ഇന്ത്യക്ക് വൻ സ്വീകരണമാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്.
a-new-star-is-born-on-team-india-jersey-post-t20-world-cup
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



