സാസ്‌കച്ചെവൻ: കഴിഞ്ഞ കുറച്ച് മാസങ്ങളായി സാസ്‌കച്ചെവനിൽ അപ്പാർട്ട്‌മെന്റ് വാടക കുതിച്ചുയരുന്നു. ഇത് ശരാശരിയെക്കാൾ വളരെ കൂടുതലാണ്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇവിടെ അപ്പാർട്ട്‌മെന്റുകളുടെയും കോണ്ടോകളുടെയും വാടകയിൽ 3.2% വർധനവുണ്ടായി. ഈ സാഹചര്യത്തിൽ പുതുതായി നഗരത്തിലെത്തുന്നവർക്ക് താമസസൗകര്യം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സാസ്‌കാറ്റൂൺ ഓപ്പൺ ഡോർ സൊസൈറ്റി എന്ന സന്നദ്ധ സംഘടന സ്വന്തമായി ഒരു ഭവനപദ്ധതിക്ക് രൂപം നൽകി. ‘The Welcome Place’ എന്ന് പേരിട്ടിട്ടുള്ള ഈ 112-യൂണിറ്റ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സ് ഡൗൺടൗൺ സാസ്‌കാറ്റൂണിൽ നിർമ്മിക്കാനാണ് പദ്ധതി. 2027-ഓടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വാടക വർധനവ്, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ന്യൂകോമേഴ്‌സിനെ ഗുരുതരമായി ബാധിക്കുമെന്ന് സാസ്‌കാറ്റൂൺ ഓപ്പൺ ഡോർ സൊസൈറ്റി-യിലെ മാനേജർ അഹ്‌മദ് മജീദ് പറയുന്നു. അഞ്ചോ പത്തോ വർഷം മുൻപുള്ളതിനേക്കാൾ വളരെ വ്യത്യസ്തമാണ് ഇപ്പോഴത്തെ ഭവന വിപണി. ഇത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുന്നു. വാടക നിയന്ത്രിക്കാൻ റെന്റ് കണ്ട്രോൾ നിയമം കൊണ്ടുവരണമെന്ന് പ്രവിശ്യയിലെ പ്രതിപക്ഷ പാർട്ടിയായ എൻ.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പുതിയ നിർമ്മാണങ്ങളെ ഇത് ബാധിക്കുമെന്നും ഭവനപ്രതിസന്ധി രൂക്ഷമാക്കുമെന്നുമാണ് സർക്കാർ വാദം.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രധാന വഴി കൂടുതൽ അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കുകയാണെന്ന് അഹമ്മദ് മജീദ് പറയുന്നു. ഇത് ഡിമാൻഡ്-സപ്ലൈ ഫോർമുലയുടെ അടിസ്ഥാനത്തിലുള്ള പരിഹാരമാണ്. വാടക കൂടുന്നതിന് ഒരു പ്രധാന കാരണം, ആവശ്യത്തിന് അപ്പാർട്ട്‌മെന്റുകൾ ലഭ്യമല്ലാത്തതാണ്. ഈ പദ്ധതിയിലൂടെ ചെറിയ കുടുംബങ്ങൾക്കും വലിയ കുടുംബങ്ങൾക്കും താങ്ങാനാവുന്ന വാടകയ്ക്ക് താമസസൗകര്യം ഒരുക്കാൻ സാധിക്കും. ഒപ്പം, ശിശുസംരക്ഷണം, തൊഴിൽ പരിശീലനം, ഭാഷാപഠനം തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ശരാശരിയേക്കാൾ വാടക കുറവാണെങ്കിലും, വർധനവിന്റെ വേഗത ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
What is 'The Welcome Place'? A new move to solve Saskatchewan's housing crisis



