കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചുള്ളിപ്പാറ വീരാശേരി സ്വദേശി നിസാർ (33) ആണ് മരിച്ചത്. തൃപ്പൂണിത്തുറയിലെ വടക്കേക്കോട്ട, എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടക്കേക്കോട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ടിക്കറ്റെടുത്ത ശേഷം പ്ലാറ്റ്ഫോമിൽ പ്രവേശിച്ച നിസാർ, പിന്നീട് പുറത്തേക്ക് ഓടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മെട്രോ അധികൃതർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി നിസാറിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താഴെ വല വിരിച്ചെങ്കിലും അതിനപ്പുറത്തേക്കാണ് ഇയാൾ ചാടിയത്.
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തെ തുടർന്ന് നിർത്തിവെച്ച മെട്രോ സർവീസുകൾ പിന്നീട് പുനരാരംഭിച്ചു.
A man tragically died after jumping from the Kochi Metro tracks



