ഒരു ആശുപത്രിയുടെ ഗുരുതരമായ അനാസ്ഥ ഒന്റാറിയോയിലെ ഒരു കുടുംബത്തെ മുഴുവൻ ദുരന്തത്തിലാക്കിയിരിക്കുകയാണ്. കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16 വയസ്സുകാരൻ ഫിൻലേ വാൻഡെർ വർക്കന്, എട്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ കിട്ടിയില്ല. ഒടുവിൽ, അവൻ്റെ ജീവൻ നഷ്ടമായി.
പതിനാറുകാരനായ ഫിൻലേ വാൻ ഡെർ വെർക്കൻ എന്ന മകന്റെ ഓർമ്മകളിലാണ് ഇപ്പോൾ ആ മാതാപിതാക്കളുടെ ജീവിതം. സ്നേഹമുള്ള ഒരു മകനായും, നല്ലൊരു സഹോദരനായും, വിശ്വസ്തനായ ഒരു കൂട്ടുകാരനായും ഫിൻലേയെ ഓർമ്മിക്കാൻ അവർക്ക് ഒരുപാട് കാര്യങ്ങളുണ്ട്. “തനിക്ക് ഇപ്പോഴും അവന്റെ ചിരി കേൾക്കാമെന്ന് ഫിൻലെയുടെ അച്ഛൻ ജി.ജെ. വാൻ ഡെർ വെർക്കൻ പറയുന്നു. “
ഫിൻലേ എന്റെ മൂത്ത മകനായിരുന്നു. വളരെ ഉത്തരവാദിത്തബോധമുള്ളവൻ, അവന്റെ ഇരട്ട സഹോദരന്മാരെ നോക്കിയിരുന്നു അവൻ, പോകുന്നിടത്തെല്ലാം അവനൊരുപാട് കൂട്ടുകാരെ ഉണ്ടാക്കിയിരുന്നു.” സ്കൂളിലോ മറ്റോ കൂട്ടുകാരില്ലാതെ വിഷമിക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ ചേർത്ത് നിർത്താൻ ഫിൻലേ എന്നും മുൻപന്തിയിലായിരുന്നുവെന്ന് അച്ഛൻ പറയുന്നു.
ചികിത്സ വൈകിയതാണ് മകന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം ഹാൽട്ടൺ ഹെൽത്ത്കെയർ സർവീസസിനെതിരെ കേസ് ഫയൽ ചെയ്തു. ആരോഗ്യപ്രവർത്തകർ ഫിൻലെയെ കൃത്യമായി നിരീക്ഷിച്ചില്ലെന്നും, ആവശ്യമായ ചികിത്സാ പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്നും, അവന്റെ രോഗാവസ്ഥയെക്കുറിച്ച് കുടുംബത്തെ അറിയിച്ചില്ലെന്നുമാണ് ആരോപണം. 2024 ഫെബ്രുവരിയിൽ, ഫിൻലെയുടെ അമ്മ ഹേസൽ ഒക്‌വിൽ ട്രഫൽഗർ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ, അവൻ്റെ രോഗാവസ്ഥ അതീവ ഗുരുതരമായിരുന്നിട്ടും ഒരു ഡോക്ടറെ പോലും മണിക്കൂറുകളോളം കാണാൻ സാധിച്ചില്ല.

ഈ കാത്തിരിപ്പിനിടെ ഫിൻലെയുടെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞുകൊണ്ടിരുന്നു. “എനിക്ക് ശ്വാസം മുട്ടുന്നു,” എന്ന് അവൻ അമ്മയോട് പറഞ്ഞിരുന്നു. ഈ ഗുരുതരമായ ലക്ഷണങ്ങൾ ആശുപത്രി അധികൃതർ ശ്രദ്ധിക്കാതെ പോയെന്നാണ് കുടുംബം ആരോപിക്കുന്നത്. പിറ്റേന്ന് രാവിലെ പരിശോധന നടത്തിയപ്പോഴാണ് ഫിൻലെയ്ക്ക് സെപ്സിസ്, ന്യുമോണിയ എന്നീ രോഗങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്.
അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യഥാസമയം ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഫിൻലേ ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നു എന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെട്ടതായി കുടുംബത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു. ” ഈ രോഗം ചികിത്സിച്ച് മാറ്റാവുന്ന ഒരു അവസ്ഥയായിരുന്നു. സമയത്തിന് ചികിത്സ നൽകിയിരുന്നെങ്കിൽ ഇന്ന് ഫിൻലേ ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല,” അഭിഭാഷക മേഗൻ വാക്കർ പറയുന്നു. “ഫിൻലേയെ ട്രിയേജ് ചെയ്തത് രണ്ടാമത്തെ ഉയർന്ന നിലയിലായിരുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അത്തരം രോഗികളെ 95% കേസുകളിലും 15 മിനിറ്റിനുള്ളിൽ കാണണം.”
എമർജൻസി സാഹചര്യങ്ങളിൽ രോഗികളെ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ആശുപത്രികൾക്ക് കഴിയുന്നില്ലെന്നാണ് ഫിൻലെയുടെ മാതാപിതാക്കൾ പറയുന്നത്. തങ്ങളുടെ മകന്റെ ദുരവസ്ഥ മറ്റാർക്കും സംഭവിക്കാതിരിക്കാൻ ആരോഗ്യ സംവിധാനത്തിൽ മാറ്റങ്ങൾ വരണമെന്ന് ആവശ്യപ്പെട്ട് അവർ “ഫിൻലീസ് വോയിസ്” എന്ന പേരിൽ ഒരു കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ ദുരന്തം ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് പ്രചോദനമാകുമെന്ന് ഈ കുടുംബം പ്രതീക്ഷിക്കുന്നു. എം.പി.പിമാരോടും, ആരോഗ്യ മന്ത്രാലയത്തോടും, മറ്റ് ബന്ധപ്പെട്ടവരോടും ഈ വിഷയത്തിൽ ഇടപെടാൻ അവർ ആവശ്യപ്പെടുന്നു.
A life lost when the health system failed; An Ontario family's fight for justice



