ടൊറന്റോയിലെ എറ്റോബിക്കോക്കിൽ റെഡ് വിംഗ്ഡ് ബ്ലാക്ക്ബേർഡുകളുടെ ആക്രമണം കാരണം ജനങ്ങൾ ഭീതിയിൽ. അവ മുട്ടയിടുന്ന സമയമായതിനാൽ പക്ഷികൾ കൂടുതൽ ആക്രമണകാരികളാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കിപ്ലിംഗ്, ഡണ്ടാസ് എന്നിവിടങ്ങളിലെ താമസക്കാർക്കാണ് പക്ഷികളുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പോലും സാധിക്കാതെ വരുന്നത്. “തനിക്ക് തൻ്റെ മുൻവാതിൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് തളിക ഷീഹാൻ എന്ന യുവതി പറയുന്നത്. ഷീഹാന്റെ വീട്ടിലെ സുരക്ഷാ ക്യാമറയിൽ നിന്നുള്ള വീഡിയോകൾ പക്ഷികൾ വീടിനടുത്തേക്ക് വരുന്നവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്.
ടൊറന്റോ റീജിയൻ ആൻഡ് കൺസർവേഷൻ അതോറിറ്റിയിലെ ആൻഡ്രിയ ക്രെസ്റ്റൺ പറയുന്നതനുസരിച്ച്, റെഡ് വിംഗ്ഡ് ബ്ലാക്ക്ബേർഡുകൾ അവയുടെ താവളത്തോട് വളരെ കൂറ് പുലർത്തുന്നവയാണ്. ജൂൺ പകുതിയോടെയാണ് പക്ഷികൾ പ്രധാനമായും അവയുടെ മുട്ടയിടുന്ന സമയം തുടങ്ങുന്നത്. ഈ സമയത്ത് പക്ഷികൾ കൂടുകൾ കെട്ടുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ആൺപക്ഷികൾ തങ്ങളുടെ പ്രദേശങ്ങളെ സജീവമായി പ്രതിരോധിക്കുമെന്നും ക്രെസ്റ്റൺ കൂട്ടിച്ചേർത്തു.
ഈ പക്ഷികളുടെ പ്രധാന ലക്ഷ്യം ശത്രുക്കളെയും, അവയ്ക്ക് ഭീഷണിയായവയേയും അകറ്റുക എന്നത് മാത്രമാണ്. റോൺ ഗ്ലാറ്റ് എന്നയാൾ പക്ഷിക്കൂടിന് അടുത്താണ് താമസം. “ശ്രദ്ധയില്ലാത്തവരെയാണ്, പ്രത്യേകിച്ച് ഫോണിൽ സംസാരിക്കുന്നവരെയാണ് പക്ഷികൾ കൂടുതലും ലക്ഷ്യമിടുന്നതെന്ന് തോന്നുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ
ഏതാനും ആഴ്ചകൾ മാത്രമേ ഇവരുടെ ഈ മുട്ടയിടുന്ന സമയം നീണ്ടുനിൽക്കുകയുള്ളൂ എന്നും ക്രെസ്റ്റൺ പറയുന്നു
“അയൽവാസിയുടെ പറമ്പിലെ കുറ്റിക്കാട്ടിലും സമീപത്തെ മരത്തിലും കൂടുകൾ ഉണ്ടായേക്കാമെന്നാണ് ഷീഹാൻ പറയുന്നത്. സാധാരണഗതിയിൽ, ആക്രമണം ഒഴിവാക്കാൻ പക്ഷികളുള്ള പ്രദേശം ഒഴിവാക്കാനാണ് നിർദ്ദേശിക്കാറുള്ളത്. എന്നാൽ തനിക്ക് ഇത് സാധ്യമല്ലെന്ന് ഷീഹാൻ പറയുന്നു. ഈ സാഹചര്യത്തിൽ പക്ഷികളുടെ ആക്രമണം കാരണം ദുരിതത്തിലാണ് ഇറ്റോബിക്കോക്കിലെ ജനങ്ങൾ.



