കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം നിലവിൽ സാൻ്റ് മാർത്ത ചാപ്പലിൽ സൂക്ഷിച്ചിരിക്കുകയാണ്. വത്തിക്കാൻ സമയം ശനിയാഴ്ച രാവിലെ 10 മണിക്ക് കബറടക്ക ചടങ്ങുകൾ ആരംഭിക്കും. അതിനു മുന്നോടിയായി പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി മാർപാപ്പയുടെ ഭൗതികശരീരം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രദർശിപ്പിക്കും. താൻ മരണശേഷം റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്യണമെന്ന മാർപാപ്പയുടെ അന്തിമാഭിലാഷം മാനിച്ച് അവിടെയാണ് ശവകുടീരം ഒരുക്കുന്നത്.
ലാളിത്യത്തിന്റെ പ്രതീകമായി അറിയപ്പെട്ടിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരം ശവകുടീരത്തിൽ അലങ്കാരങ്ങളോ വിശദമായ വിവരണങ്ങളോ ഉണ്ടാകില്ല. പകരം “Franciscus” എന്ന ലാറ്റിൻ നാമം മാത്രമാണ് കുടീരത്തിൽ കൊത്തിവയ്ക്കുക. ചടങ്ങിൽ പങ്കെടുക്കുന്നതിനായി നിരവധി ലോകനേതാക്കൾ റോമിലേക്ക് എത്തിച്ചേരും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അർജന്റീന പ്രസിഡന്റ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ സംസ്കാര ചടങ്ങുകളിൽ സന്നിഹിതരാകും.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ മാർപാപ്പയുടെ വിയോഗത്തിൽ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചപ്പോൾ, ഫ്രാൻസ്, അമേരിക്ക, അർജൻ്റീന, സ്പെയിൻ, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ മൂന്ന് മുതൽ ഏഴ് ദിവസം വരെയുള്ള ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അന്തിമ ചടങ്ങുകൾക്കും സംസ്കാരത്തിനുമായുള്ള ക്രമീകരണങ്ങൾ വത്തിക്കാനിൽ പുരോഗമിക്കുകയാണ്. കാർദ്ദിനാളന്മാരുടെ യോഗങ്ങളും നിരന്തരം നടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും സ്നേഹിതരും വത്തിക്കാനിലേക്ക് എത്തിച്ചേരുന്നതിനാൽ റോമിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ലാളിത്യത്തിന്റെയും കരുണയുടെയും പ്രതീകമായി അറിയപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ നവീന കാഴ്ചപ്പാടുകളും പരിഷ്കരണങ്ങളും കൊണ്ടുവന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കത്തോലിക്കാ സഭയ്ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും വലിയ നഷ്ടമാണ്. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നാണ് വത്തിക്കാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.



