ടൊറന്റോ: കാനഡയിൽ പ്രതിമാസ ഭവനവായ്പാ തിരിച്ചടവുകൾ മുടങ്ങുന്നവരുടെ എണ്ണം 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ഇക്വിഫാക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. ഈ വർഷം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 90 ദിവസത്തിലധികം തിരിച്ചടവ് മുടങ്ങിയ ഭവനവായ്പകളുടെ വിഹിതം 0.32 ശതമാനമായി ഉയർന്നു. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വർധനവാണിത്. 2013-ൽ ഇക്വിഫാക്സ് കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യത്തെ സാമ്പത്തിക സമ്മർദ്ദം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളെയാണ്. വായ്പാ കുടിശ്ശികയിലുണ്ടായ വാർഷിക വളർച്ചയുടെ 91 ശതമാനവും ഈ രണ്ട് പ്രവിശ്യകളിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് വർഷമായി ഭവനവായ്പാ കുടിശ്ശിക വർധിച്ചുവരികയാണെന്നും ഒന്റാരിയോയും ബി.സിയുമാണ് ഇതിൽ മുന്നിൽ നിൽക്കുന്നതെന്നും ഇക്വിഫാക്സ് കാനഡയിലെ അഡ്വാൻസ്ഡ് അനലിറ്റിക്സ് വൈസ് പ്രസിഡന്റ് റെബേക്ക ഓക്സ് വ്യക്തമാക്കി. ഇതോടൊപ്പം മൂന്നാം പാദത്തിൽ കാനഡയിലെ ഉപഭോക്തൃ കടം 4.6 ശതമാനം ഉയർന്ന് 2.74 ട്രില്യൺ ഡോളറിലെത്തി.
വീടിന്റെ വിപണി മൂല്യത്തേക്കാൾ കൂടുതൽ തുക ബാങ്കിലേക്ക് തിരിച്ചടയ്ക്കാൻ ബാക്കിയുള്ള ‘നെഗറ്റീവ് ഇക്വിറ്റി’ പ്രതിസന്ധിയും നിരവധി കനേഡിയൻ പൗരന്മാരെ വലയ്ക്കുന്നുണ്ട്. രാജ്യത്തെ ആകെ നെഗറ്റീവ് ഇക്വിറ്റി ഭവനവായ്പകളുടെ 70 ശതമാനവും ഒന്റാരിയോയിലാണ്. 2022-ൽ വിപണി വില ഏറ്റവും ഉയർന്നുനിന്ന സമയത്ത് വീട് വാങ്ങിയവരും കോണ്ടോ ഉടമകളുമാണ് ഇതിൽ കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
ഒന്റാരിയോയിൽ 26-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ നാല് ഭവനവായ്പകളിൽ ഒന്ന് എന്ന നിലയിൽ നിലവിൽ നെഗറ്റീവ് ഇക്വിറ്റിയിലാണെന്നാണ് വിലയിരുത്തൽ. വാഹന വായ്പകളുടെ കാര്യത്തിൽ സ്ഥിതി ഇതിലും രൂക്ഷമാണ്; കഴിഞ്ഞ നാല് വർഷത്തിനിടെ എടുത്ത വാഹന വായ്പകളിൽ 40 ശതമാനവും വാഹനത്തിന്റെ മൂല്യത്തേക്കാൾ കൂടുതൽ ബാധ്യതയുള്ള അവസ്ഥയിലാണെന്ന് 2026 സെപ്റ്റംബറിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
വായ്പാ കുടിശ്ശിക വരുത്തുന്നവരുടെ എണ്ണത്തേക്കാൾ വേഗത്തിലാണ് കുടിശ്ശിക തുകയുടെ മൂല്യം ഉയരുന്നത്. വലിയ തുകയ്ക്ക് ഭവനവായ്പയെടുത്തവരാണ് നിലവിൽ തിരിച്ചടവിനായി കൂടുതൽ ബുദ്ധിമുട്ടുന്നതെന്ന് ഇത് വ്യക്തമാക്കുന്നതായി റെബേക്ക ഓക്സ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലാകുന്ന കുടുംബങ്ങൾ ക്രെഡിറ്റ് കാർഡ്, വാഹന വായ്പ എന്നിവയുടെ തിരിച്ചടവുകൾ മുടങ്ങിയ ശേഷമാണ് ഏറ്റവും ഒടുവിലായി ഭവനവായ്പയിൽ വീഴ്ച വരുത്തുന്നതെന്ന് ഹാരിസ് ആൻഡ് പാർട്ണേഴ്സ് ഡെറ്റ് മാനേജ്മെന്റ് സർവീസ് സി.ഇ.ഒ ജോഷ്വ ഹാരിസ് ചൂണ്ടിക്കാട്ടി.
ഡിസംബർ ഒൻപതിന് ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്ക് ഉയർത്താൻ സാധ്യതയുള്ളതിനാൽ ഭവനവായ്പയെടുത്തവർക്ക് വരും ദിവസങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാകും. വേരിയബിൾ നിരക്കിൽ വായ്പയെടുത്തവരെ പലിശ വർധനവ് ആഴ്ചകൾക്കുള്ളിൽ ബാധിച്ചു തുടങ്ങുമ്പോൾ, മറ്റുള്ളവർക്ക് വായ്പ പുതുക്കുന്ന സമയത്തായിരിക്കും ഇതിന്റെ ആഘാതം അനുഭവപ്പെടുകയെന്നും റെബേക്ക ഓക്സ് കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
WhatsAppFacebookCopy LinkShare





