ടൊറന്റോ: ടൊറന്റോയ്ക്കും വടക്കുകിഴക്കൻ ഒന്റാരിയോയ്ക്കും ഇടയിലുള്ള നോർത്ത്‌ലാൻഡർ പാസഞ്ചർ ട്രെയിൻ സർവീസ് 14 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഡിസംബർ 10-ന് പുനരാരംഭിക്കും. ഒന്റാരിയോ നോർത്ത്‌ലാൻഡിന്റെ നേതൃത്വത്തിലാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്. ടൊറന്റോയിലെ യൂണിയൻ സ്റ്റേഷനിൽ നിന്ന് കോക്രെയ്ൻ വരെയുള്ള 800 കിലോമീറ്ററിലധികം ദൂരത്തിലാണ് ട്രെയിൻ സർവീസ് നടത്തുക. ടിമ്മിൻസ്, നോർത്ത് ബേ എന്നിവയുൾപ്പെടെ 16 കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. തുടക്കത്തിൽ ആഴ്ചയിൽ നാല് റൗണ്ട് ട്രിപ്പുകളാണ് നടത്തുക. 2027-ൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
നവംബർ 26 മുതൽ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഒന്റാരിയോ നോർത്ത്‌ലാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫോൺ, നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് കൗണ്ടറുകൾ, ഏജൻസി കേന്ദ്രങ്ങൾ എന്നിവ വഴിയാണ് ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭിക്കുക. യൂണിയൻ സ്റ്റേഷനിൽ നിന്ന് കോക്രെയ്ൻ വരെയുള്ള യാത്രയ്ക്ക് ഏകദേശം 12 മണിക്കൂർ വേണ്ടിവരുമെന്ന് ഒന്റാരിയോ ഗതാഗത മന്ത്രി പ്രബ്മീത് സർക്കാരിയ അറിയിച്ചു.
169 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന പുതിയ ട്രെയിനുകളാണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് സൗകര്യപ്രദമായ സീറ്റുകൾ, വൈ-ഫൈ, മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള പോർട്ടുകൾ, സീറ്റുകളിൽ ഭക്ഷണം ലഭിക്കുന്ന സംവിധാനം എന്നിവ ട്രെയിനിലുണ്ടാകും. ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകളും ഉപയോഗിക്കാൻ സൗകര്യമുള്ള ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുന്നതിനായി ഒന്റാരിയോ സർക്കാർ 100 മില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ട്. റെയിൽ പാതകളുടെ അറ്റകുറ്റപ്പണി, സ്റ്റേഷനുകളുടെ നവീകരണം, പ്ലാറ്റ്‌ഫോമുകളുടെ പുനർനിർമാണം, യാത്രക്കാർക്ക് കാത്തിരിക്കാനുള്ള പുതിയ മുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏകദേശം 800 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാതയിൽ 500 കിലോമീറ്ററിലധികം ഭാഗത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി ഗതാഗത മന്ത്രി അറിയിച്ചു. പാതകളുടെ അറ്റകുറ്റപ്പണികളും സ്റ്റേഷനുകളുടെ നിർമാണവും ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കേണ്ടി വന്നതിനാലാണ് സർവീസ് പുനരാരംഭിക്കാൻ ഇത്രയും സമയമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
2012-ലാണ് മുൻ ലിബറൽ സർക്കാർ നോർത്ത്‌ലാൻഡർ ട്രെയിൻ സർവീസ് അവസാനിപ്പിച്ചത്. 2018 മുതൽ സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രവിശ്യാ സർക്കാർ ആരംഭിച്ചിരുന്നു. വടക്കൻ ഒന്റാരിയോയിലെ ജനങ്ങൾക്ക് കൂടുതൽ ഗതാഗത സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വടക്കൻ ഒന്റാരിയോയിലെ സാമ്പത്തിക വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും റെയിൽ കണക്ഷൻ സഹായകമാകുമെന്നാണ് പ്രവിശ്യയുടെ പ്രതീക്ഷ.
Also Read: കാനഡയിലെ വേതന നിരക്കുകൾ പുതുക്കി; 515 ജോലികളിൽ 416 എണ്ണത്തിനും വർധന
ഒന്റാരിയോ നോർത്ത്‌ലാൻഡിന്റെ നിലവിലുള്ള മോട്ടോർ കോച്ച് സർവീസുകളുമായും പോളാർ ബെയർ എക്‌സ്പ്രസുമായും നോർത്ത്‌ലാൻഡർ ബന്ധിപ്പിക്കും. ടൊറന്റോ യൂണിയൻ സ്റ്റേഷനിൽ നിന്ന് യാത്രക്കാർക്ക് GO ട്രാൻസിറ്റ്, UP എക്‌സ്പ്രസ് സർവീസുകളിലേക്കും മാറിക്കയറാം. ഇതിലൂടെ ഗ്രേറ്റർ ടൊറന്റോ മേഖലയിലേക്കും ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാൻ കൂടുതൽ സൗകര്യം ലഭിക്കും. ഗ്രേവൻഹഴ്‌സിനും കോക്രെയ്‌നും ഇടയിലുള്ള പ്രദേശങ്ങളിൽ ട്രെയിൻ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി റൈഡ്‌ഷെയർ സംവിധാനവും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സർവീസ് ആരംഭിച്ചശേഷം യാത്രക്കാരുടെ പ്രതികരണങ്ങളും ഉപയോഗവും വിലയിരുത്തി സമയക്രമത്തിലും സർവീസുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഒന്റാരിയോ നോർത്ത്‌ലാൻഡ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





