ഓട്ടവ: കാനഡയിലെ വിവിധ തൊഴിൽ മേഖലകളിലെ പുതിയ ശരാശരി വേതന (Median Wage) കണക്കുകൾ എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC) പുറത്തുവിട്ടു. 2026 നവംബർ 18 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ജോബ് ബാങ്ക് കണക്കുകൾ പ്രകാരം, രാജ്യത്തെ 515 തൊഴിൽ വിഭാഗങ്ങളിൽ 416 എണ്ണത്തിലും ശരാശരി വേതനം വർദ്ധിച്ചു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് (LMIA) അപേക്ഷകളെയും ഒന്റാരിയോ ഉൾപ്പെടെയുള്ള പ്രവിശ്യകളിലെ കുടിയേറ്റ നടപടികളെയും നേരിട്ട് ബാധിക്കുന്നതാണ് ഈ മാറ്റം.
പ്രൊഫഷണൽ, ടെക്നിക്കൽ, ആരോഗ്യ സംരക്ഷണം, ഗതാഗതം, സേവന മേഖലകൾ, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള മറ്റ് ജോലികൾ എന്നിവയിലാണ് പ്രധാനമായും ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ആകെ പരിശോധിച്ച 515 ജോലികളിൽ 416 എണ്ണത്തിനും (80.8%) ശരാശരി വേതനം കൂടിയിട്ടുണ്ട്. അതേസമയം 53 ജോലികളിൽ വേതനം കുറയുകയും 46 എണ്ണത്തിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ ശതമാനം വേതന വർദ്ധനവ് (23.4%) ലഭിച്ചത് എഞ്ചിനീയറിംഗ് ഇൻസ്പെക്ടർമാർക്കും റെഗുലേറ്ററി ഓഫീസർമാർക്കുമാണ്. കൂടാതെ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നീ പ്രവിശ്യകളിൽ ഫാമിലി ഡോക്ടർമാരുടെ വാർഷിക ശമ്പളത്തിലും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജോബ് ബാങ്ക് പ്രസിദ്ധീകരിക്കുന്ന ഈ കണക്കുകൾ വിവിധ മേഖലകളിലെ വേതന നിലവാരം മനസ്സിലാക്കുന്നതിനുള്ള ഔദ്യോഗിക മാനദണ്ഡം മാത്രമാണ്. ഇതിനർത്ഥം നിലവിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും സ്വയമേവ ശമ്പള വർദ്ധനവ് ലഭിക്കുമെന്നല്ല. എന്നാൽ, താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയുടെ (TFWP) കീഴിൽ പോസിറ്റീവ് എൽ.എം.ഐ.എ വഴി വിദേശികളെ നിയമിച്ച തൊഴിലുടമകൾ, തങ്ങളുടെ ജീവനക്കാരുടെ വേതനം വർഷത്തിലൊരിക്കൽ പരിശോധിച്ച് പുതിയ നിരക്കിനനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്.
Also Read: കാനഡയിൽ ഫ്ലൂ കേസുകൾ വ്യാപിക്കുന്നു; കൂടുതൽ ബാധിക്കുന്നത് പ്രായമായവരെ
പുതുക്കിയ നിരക്കുകൾ പ്രകാരം വേതനം ക്രമീകരിക്കുന്നതിനായി തൊഴിലുടമകൾക്ക് 2027 ജനുവരി 1 വരെയാണ് സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. കൂടാതെ, നവംബർ 18-ന് ശേഷം പുതിയ എൽ.എം.ഐ.എ അപേക്ഷകൾ സമർപ്പിക്കുന്ന തൊഴിലുടമകളും ഒന്റാരിയോ ഇമിഗ്രേഷൻ നോമിനി പ്രോഗ്രാം (OINP) വഴി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളും അതത് പ്രദേശത്തെ പുതിയ ജോബ് ബാങ്ക് വേതന നിരക്കുകൾ ഉറപ്പുവരുത്തേണ്ടതാണ്. നിശ്ചിത മാനദണ്ഡത്തേക്കാൾ കുറഞ്ഞ വേതനം വാഗ്ദാനം ചെയ്യുന്ന അപേക്ഷകൾ നിരസിക്കപ്പെടാനും തൊഴിലുടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





