ഓട്ടവ: കാനഡയിലെ യോഗ്യരായ ഭിന്നശേഷിക്കാർക്ക് ഫെഡറൽ സർക്കാർ നൽകുന്ന കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് (CDB) നവംബർ 19-ന് ലഭിക്കും. സർവീസ് കാനഡയാണ് വ്യാഴാഴ്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കുന്നത്. 2026–27 ആനുകൂല്യ വർഷത്തിലെ അഞ്ചാമത്തെ പ്രതിമാസ പേയ്‌മെന്റാണിത്. അർഹരായ വ്യക്തികൾക്ക് പരമാവധി $204.20 ലഭിക്കും. എന്നാൽ ഓരോരുത്തർക്കും ലഭിക്കുന്ന യഥാർത്ഥ തുക അവരുടെ കുടുംബ വരുമാനം, ദാമ്പത്യസ്ഥിതി, മറ്റ് സാമ്പത്തിക വിവരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. 2026 ജൂലൈ മുതൽ പണപ്പെരുപ്പം കണക്കിലെടുത്ത് ആനുകൂല്യ തുക 2.1 ശതമാനം വർധിപ്പിച്ചതോടെയാണ് പ്രതിമാസ പരമാവധി തുക $200-ൽ നിന്ന് $204.20 ആയി ഉയർന്നത്.
18നും 64നും ഇടയിൽ പ്രായമുള്ള, പരിമിതികൾ കാരണം ജോലി ചെയ്യാൻ പ്രയാസമുള്ളവർക്ക് സാമ്പത്തിക സഹായം നൽകുകയാണ് കാനഡ ഡിസെബിലിറ്റി ബെനിഫിറ്റിന്റെ ലക്ഷ്യം. ആനുകൂല്യം ലഭിക്കുന്നതിന് കാനഡയിലെ താമസക്കാരനായിരിക്കണം, കൂടാതെ കാനഡ റവന്യൂ ഏജൻസി (CRA) അംഗീകരിച്ച ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് (DTC) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകനും പങ്കാളിയും ഉണ്ടെങ്കിൽ പങ്കാളിയും 2025-ലെ നികുതി റിട്ടേൺ സമർപ്പിച്ചിരിക്കണം. കനേഡിയൻ പൗരന്മാർ, സ്ഥിരതാമസക്കാർ, സംരക്ഷിത വ്യക്തികൾ, നിശ്ചിത നിബന്ധനകൾ പാലിക്കുന്ന താൽക്കാലിക താമസക്കാർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. DTC അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും CDB ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
അവിവാഹിതരുടെ വാർഷിക കുടുംബ വരുമാനം $23,483 അല്ലെങ്കിൽ അതിൽ താഴെയാണെങ്കിൽ പ്രതിമാസം പരമാവധി $204.20 ലഭിക്കും. ദമ്പതികളുടെ ആകെ വാർഷിക വരുമാനം $33,183 അല്ലെങ്കിൽ അതിൽ താഴെയാണെങ്കിൽ ഇരുവർക്കും പരമാവധി ആനുകൂല്യ തുകയ്ക്ക് അർഹതയുണ്ട്. ഈ വരുമാന പരിധി കടന്നാൽ ലഭിക്കുന്ന ആനുകൂല്യ തുക കുറയും. ജോലി ചെയ്തോ സ്വന്തം ബിസിനസ് വഴിയോ ലഭിക്കുന്ന വരുമാനത്തിൽ ഒരു നിശ്ചിത തുക കണക്കിൽ ഉൾപ്പെടുത്തില്ല. 2026–27 ആനുകൂല്യ വർഷത്തിൽ അവിവാഹിതരുടെ തൊഴിൽ വരുമാനത്തിൽ $10,210 വരെയും ദമ്പതികളുടെ വരുമാനത്തിൽ $14,294 വരെയും ഇളവ് ലഭിക്കും.
2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം, കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് പദ്ധതി ആരംഭിച്ചതിനുശേഷം 3.35 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. എല്ലാ മാസവും മൂന്നാമത്തെ വ്യാഴാഴ്ചയാണ് തുക ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നത്. പ്രതിമാസ തുകയ്ക്ക് പുറമേ, ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് സർട്ടിഫിക്കറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ചെലവുകൾ സഹായിക്കാൻ അർഹരായവർക്ക് ഒറ്റത്തവണ $150 അധികമായി നൽകുന്നുണ്ട്. 2026 സെപ്റ്റംബറിന് മുമ്പ് ഈ ആനുകൂല്യം കുറഞ്ഞത് ഒരുതവണ ലഭിച്ചവർക്കും അധിക തുകയ്ക്ക് അർഹതയുണ്ട്.
Also Read: കുടുംബത്തിൽ ആർക്കെങ്കിലും കനേഡിയൻ പൗരത്വമുണ്ടോ? എങ്കിൽ പി.ആറിന് അപേക്ഷിക്കും മുമ്പ് ഇക്കാര്യം അറിയണം
നവംബർ 19-ന് പേയ്‌മെന്റ് ലഭിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നികുതി രേഖകളും പരിശോധിക്കണം. നിക്ഷേപം ലഭിക്കാത്തവർ ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കുന്നതിന് മുമ്പ് 10 പ്രവൃത്തി ദിവസം കാത്തിരിക്കണമെന്ന് നിർദേശമുണ്ട്. തുടർന്ന് 1-833-486-3007 എന്ന നമ്പറിൽ സർവീസ് കാനഡയുമായി ബന്ധപ്പെടാം. ഡിസബിലിറ്റി ടാക്സ് ക്രെഡിറ്റ് സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞത്, നികുതി റിട്ടേൺ സമർപ്പിക്കാത്തത്, ബാങ്ക് വിവരങ്ങളിൽ മാറ്റം വരുത്താത്തത് എന്നിവ പേയ്‌മെന്റ് വൈകാൻ കാരണമാകാം. ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ഓരോ വർഷവും കൃത്യസമയത്ത് നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





