മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ലോക ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയുടെ ഓട്ടോഗ്രാഫ്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളറാണ് അർജന്റീനൻ താരമായ ലയണൽ മെസി. രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് ഈ നിമിഷം മോഹൻലാലിനായി സമ്മാനിച്ചത്.
‘ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾക്കതീതമാണ്. അവ എന്നെന്നേക്കും നിങ്ങൾക്കൊപ്പമുണ്ടാകും. ഇന്ന് ഞാൻ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാൻ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണൽ മെസി ഒപ്പുവെച്ച ജേഴ്സി. അതിൽ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു.’ -മോഹൻലാൽ കുറിച്ചു.
‘മെസിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാൾക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കിൽ ഈ അവിശ്വസിനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു.’ -മോഹൻലാൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിലെത്തിയാണ് ജഴ്സി ഇവർ മോഹൻലാലിനു കൈമാറിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം മോഹൻലാലിനെ മാത്രമല്ല സത്യൻ അന്തിക്കാടിനെ അടക്കം അദ്ഭുതപ്പെടുത്തി. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് മോഹൻലാലിന്റെ പോസ്റ്റിൽ കമന്റുകളുമായി എത്തുന്നത്.



