ലിബറൽ നേതാവ് മാർക്ക് കാർണി പാർട്ടിയുടെ ഫെഡറൽ തിരഞ്ഞെടുപ്പ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. “നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധി” എന്ന് വിശേഷിപ്പിച്ച സാമ്പത്തിക അവസ്ഥയെ നേരിടാൻ സർക്കാരിന്റെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. നാലു വർഷത്തേക്ക് 130 ബില്യൺ ഡോളറിന്റെ പുതിയ നടപടികൾ ഉൾക്കൊള്ളുന്ന ഈ പദ്ധതി പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, ഭവന നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.പദ്ധതിയുടെ ഭാഗമായി 2025-26 കാലയളവിൽ ഫെഡറൽ ബജറ്റ് കുറവ് 62.3 ബില്യൺ ഡോളറിലേക്ക് വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
പദ്ധതിയിൽ 18 ബില്യൺ ഡോളർ പ്രതിരോധത്തിനും, 20 ബില്യൺ ഡോളറിലധികം രാഷ്ട്ര നിർമ്മാണം, ആർട്ടിക് പദ്ധതികൾ, ഡിജിറ്റൽ, ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കും നീക്കിവച്ചിട്ടുണ്ട്. പുതിയ ഭവന നിർമ്മാണ ഏജൻസിക്കായി 11.8 ബില്യൺ ഡോളറും, മുനിസിപ്പൽ വികസന സഹായത്തിന് 6 ബില്യൺ ഡോളറും, വാടക നിർമ്മാണ പ്രോത്സാഹനങ്ങൾക്ക് 4.1 ബില്യൺ ഡോളറും ഉൾപ്പെടുന്നു.
വരുമാന നികുതി കുറയ്ക്കുന്നതിന് 22 ബില്യൺ ഡോളറും, മൂലധന നേട്ട നികുതി മാറ്റങ്ങൾ റദ്ദാക്കുന്നതിന് 12.5 ബില്യൺ ഡോളറും ചെലവ് പ്രതീക്ഷിക്കുന്നു.
“സാമ്പത്തിക അനിശ്ചിതത്വത്തിലൂടെ കാനഡയെ നയിക്കാൻ എന്റെ സാമ്പത്തിക മാനേജ്മെന്റ് പരിചയം എന്നെ യോഗ്യനാക്കുന്നു. ഇത് നമ്മുടെ കുട്ടികളുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്, അല്ലാതെ വെറും ചെലവല്ല,” എന്ന് കാർണി പറഞ്ഞു.
കൺസർവേറ്റീവ് നേതാവ് പിയറി പൊയിലിവ്രെ ഈ പദ്ധതിയെ “spending bonanza” എന്ന് വിമർശിച്ചു, ഇത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും പറഞ്ഞു. എന്നാൽ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ആസ്തികളിൽ നിക്ഷേപിക്കുന്ന തന്ത്രപരമായ, മൂലധന കേന്ദ്രീകൃത പദ്ധതിയാണിതെന്ന് കാർണി പ്രതികരിച്ചു.


