ഓട്ടവ: ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കും സഹായം നല്‍കിയെന്ന് ആരോപിച്ച് 11 ഇറാനിയന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കാനഡ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നിര്‍ണായക സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനവും തടയുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു.

പാരീസില്‍ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ചൊവ്വാഴ്ച അനിത ആനന്ദ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കരുതെന്ന നിലപാടില്‍ കാനഡ ഉറച്ചുനില്‍ക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രി വ്യക്തമാക്കി.
2015-ല്‍ ഇറാനും ലോകശക്തികളും തമ്മിലുണ്ടാക്കിയ ആണവ കരാറിന് പിന്നാലെ 2016-ലാണ് ഈ സ്ഥാപനങ്ങളെ കാനഡ ഉപരോധപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കുന്നതില്‍ ഇറാന്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയെന്നും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ മുന്‍ പ്രമേയങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി വീണ്ടും ഏര്‍പ്പെടുത്തിയത്.
ALSO READ: സൗദിക്കുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ആറ് മിസൈലുകള്‍ തകര്‍ത്തതായി സഖ്യസേന
ഇറാന്റെ ആണവ പദ്ധതി ആയുധ നിര്‍മാണശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ മറച്ചുവയ്ക്കാനാണെന്ന് അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും ഇസ്രയേലും ആരോപിക്കുന്നു. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണെന്നാണ് ഇറാന്റെ നിലപാട്. ഉപരോധം നേരിടുന്ന സ്ഥാപനങ്ങളില്‍ ഇറാന്‍ ന്യൂക്ലിയര്‍ ഫ്യുവല്‍ പ്രൊഡക്ഷന്‍ ആന്‍ഡ് പ്രൊക്യുര്‍മെന്റ് കമ്പനി, ന്യൂക്ലിയര്‍ റിയാക്ടേഴ്‌സ് ഫ്യുവല്‍ കമ്പനി, നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി, നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനി എന്നിവ ഉള്‍പ്പെടുന്നു. ബാങ്ക് മെല്ലത്ത്, ബാങ്ക് മെല്ലി, ഇറാന്‍ ബാങ്ക് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് മൈന്‍, എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇറാന്‍, ഇറാന്‍ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങിയവയും പട്ടികയിലുണ്ട്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം തുടരുകയാണ്. ആണവ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനായി ഖത്തര്‍ വഴി അമേരിക്കയ്ക്ക് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞയാഴ്ച ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു. ഉപരോധങ്ങളില്‍ ഇളവ്, മരവിപ്പിച്ച ആസ്തികളിലേക്കുള്ള പ്രവേശനം, യുദ്ധനഷ്ടപരിഹാരം എന്നിവയാണ് ഇറാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രാരംഭ ചര്‍ച്ചകളില്‍ തന്നെ ആണവ വിഷയം ഉള്‍പ്പെടുത്തണമെന്നാണ് അമേരിക്കയുടെ നിലപാട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Canada Announces New Sanctions Against Iran’




