കാൽഗറി: കാൽഗറിയിൽ വരും വർഷങ്ങളിൽ വൻ വസ്തുനികുതി വർധനവിന് നിർദ്ദേശം. അടുത്ത നാല് വർഷത്തേക്കായി നഗരസഭ സമർപ്പിച്ച ബജറ്റ് പ്രൊപ്പോസലിലാണ് കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതിവർധനവ് മുന്നോട്ടുവെച്ചിരിക്കുന്നത്. നിർദ്ദിഷ്ട ബജറ്റ് പ്രകാരം 2027-ൽ മാത്രം വസ്തുനികുതിയിൽ 15 ശതമാനത്തിന്റെ വർധനവുണ്ടാകും. തുടർന്ന് 2028-ൽ 10%, 2029-ൽ 7.7%, 2030-ൽ 6% എന്നിങ്ങനെയാണ് നികുതി ഉയരുക.
ബജറ്റ് തുക നിലവിലെ 5.9 ബില്യൺ ഡോളറിൽ നിന്ന് 2030 ആകുമ്പോഴേക്കും 7.8 ബില്യൺ ഡോളറായി ഉയരും. പുതിയ മാറ്റങ്ങൾ നടപ്പിലായാൽ ശരാശരി സിംഗിൾ ഫാമിലി വീടുകൾക്ക് പ്രതിമാസം 50 ഡോളർ വീതം അധികച്ചെലവ് വരും. 2027-ൽ 6,88,000 ഡോളർ മൂല്യമുള്ള ഒരു വീടിന് പ്രതിമാസം 37 ഡോളർ വസ്തുനികുതിയായും 16 ഡോളർ കുടിവെള്ളം, മാലിന്യ സംസ്കരണം എന്നിവയുടെ നിരക്കായും അധികമായി നൽകേണ്ടിവരും. വീടുകളുടെയും കോണ്ടോകളുടെയും വിപണി മൂല്യത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നികുതിഭാരം വർധിക്കുക തന്നെ ചെയ്യും.
നഗരത്തിന്റെ വളർച്ചയും അടിസ്ഥാന സൗകര്യ വികസനത്തിലെ മുൻഗണനകളുമാണ് തുക വർധിപ്പിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. 20.6 ബില്യൺ ഡോളറിന്റെ മൂലധന നിക്ഷേപമാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിൽ ഗ്രീൻ ലൈൻ പദ്ധതി, കുടിവെള്ള-മലിനജല ശുദ്ധീകരണ പ്ലാന്റുകൾ , റോഡ് അറ്റകുറ്റപ്പണികൾ, പുതിയ ബസുകൾഎന്നിവ ഉൾപ്പെടുന്നു. പോലീസിന്റെയും ഫയർഫോഴ്സിന്റെയും വികസനത്തിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുന്നതിനുമായി കോടിക്കണക്കിന് ഡോളർ മാറ്റിവെച്ചിട്ടുണ്ട്. അടുത്ത 4 വർഷത്തിനിടെ 1,800 പുതിയ തസ്തികകളും സൃഷ്ടിക്കും.
അതോടൊപ്പം ബിസിനസ് ലൈസൻസ്, പെറ്റ് ലൈസൻസ്, ട്രാൻസിറ്റ് നിരക്കുകൾ തുടങ്ങി നൂറുകണക്കിന് സേവനങ്ങളുടെ ഫീസും ഉയരും. ബസ് ടിക്കറ്റ് നിരക്കിൽ ഓരോ വർഷവും 15 സെന്റ് വർധനവും പ്രതിമാസ പാസിൽ വൻ വർധനവും ഉണ്ടാകും.
ALSO READ: പ്രകൃതിദുരന്തമോ സൈബർ ആക്രമണമോ? 3 ദിവസത്തേക്ക് ഭക്ഷണവും വെള്ളവും കരുതണം; മുന്നറിയിപ്പുമായി കാനഡ
പൊതുജനങ്ങളുടെ സുരക്ഷയ്ക്കും മികച്ച സേവനങ്ങൾക്കും വേണ്ടിയാണ് ഈ നിർദ്ദേശമെന്ന് മേയർ ജെറോമി ഫാർകാസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ഡിസംബറോടെ അന്തിമ ബജറ്റ് പാസാക്കാനാണ് നഗരസഭയുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





