ഒന്റാരിയോ; കനേഡിയൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യൂറോപ്പിൽ സൗജന്യമായി പഠിക്കാനും ജോലി ചെയ്യാനും വഴിതുറക്കുന്ന പ്രമുഖ ‘ഇറാസ്മസ് പ്ലസ്’ (Erasmus+) പദ്ധതിയിൽ ചേരാൻ കാനഡ ഒരുങ്ങുന്നു. കഴിഞ്ഞ മാസം മോൺട്രിയലിൽ നടന്ന കാനഡ-ഇയു ഉച്ചകോടിയിലും 2026 ബജറ്റ് പ്രസംഗത്തിലുമാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ മികച്ച അവസരങ്ങൾ ഉറപ്പാക്കുകയാണ് കനേഡിയൻ സർക്കാരിന്റെ പ്രധാന ലക്ഷ്യം.

പദ്ധതി നടപ്പിലാകുന്നതോടെ കാനഡയിലെ വിദ്യാർത്ഥികൾക്ക് യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ ട്യൂഷൻ ഫീസോ പരീക്ഷാ ഫീസോ ഇല്ലാതെ പഠിക്കാൻ സാധിക്കും. ഇതിനുപുറമെ യാത്ര, താമസം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായവും ഗ്രാന്റുകളും ഇറാസ്മസ് പ്ലസ് വഴി ലഭിക്കും. വിദ്യാർത്ഥികൾക്ക് മാത്രമല്ല, പഠനം പൂർത്തിയാക്കിയ യുവാക്കൾ, തൊഴിൽ പരിശീലനം നേടുന്നവർ, ഗവേഷകർ, അധ്യാപകർ എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉദാഹരണത്തിന്, കാനഡയിൽ വെൽഡിംഗ് പഠിക്കുന്ന ഒരാൾക്ക് ഇറ്റലിയിലെ ഒരു കമ്പനിയിൽ പോയി ജോലി ചെയ്ത് പരിശീലനം നേടാൻ ഈ സൗകര്യം സഹായിക്കും.
എന്നാൽ പദ്ധതിയുടെ ഭാഗമാകുന്നത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യങ്ങൾക്ക് പദ്ധതിയിൽ അംഗമാകാൻ കോടിക്കണക്കിന് രൂപ അടയ്ക്കേണ്ടതുണ്ട്. കൂടാതെ, യൂറോപ്പിൽ നിന്നും കാനഡയിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ താമസസൗകര്യങ്ങൾ സർവകലാശാലകൾ ഒരുക്കേണ്ടി വരും. കാനഡയിലെ വിവിധ പ്രവിശ്യകളിലെ വിദ്യാഭ്യാസ നിയമങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും മാർക്ക് വിതരണത്തിലെ രീതികളും ഇരുകൂട്ടരും ചർച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്.
ALSO READ: ആഗോളതാപനം നിയന്ത്രണം വിടുന്നു: ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ?
ഈ സാമ്പത്തിക ബാധ്യതകളെല്ലാം മറികടന്നും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കാനഡ ഉദ്ദേശിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളെല്ലാം സർക്കാരിന്റെ ഈ നീക്കത്തെ പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ശക്തമാക്കുന്നതിനൊപ്പം കനേഡിയൻ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാനും ഈ സഹകരണം ഉപകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




