ഒന്റാരിയോ; കാൻസർ ബാധിച്ച് സംസാരിക്കാൻ കഴിയാത്ത രോഗികൾക്ക് സ്വന്തം ശബ്ദത്തിൽ ആശയവിനിമയം നടത്താൻ പുതിയ സാങ്കേതികവിദ്യയുമായി മക്ഗിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾ. ശബ്ദമുണ്ടാക്കാതെ ചുണ്ടുകൾ മാത്രം അനക്കുമ്പോൾ, വ്യക്തിയുടെ പഴയ ശബ്ദം തത്സമയം പുറത്തുവരുന്ന ‘സൈലന്റ് വോയ്സ്’ എന്ന ആപ്പാണ് ഇവർ വികസിപ്പിച്ചത്.
തൊണ്ടയിലെ കാൻസർ മൂലം വോയ്സ് ബോക്സ് നഷ്ടപ്പെട്ട രോഗികളെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുഖത്ത് ചെറിയ സെൻസറുകൾ ഘടിപ്പിച്ച് കമ്പ്യൂട്ടറിന് മുന്നിലിരുന്ന് സംസാരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്തെ പേശികളുടെ ചലനങ്ങൾ സെൻസറുകളും വെബ്ക്യാമും തിരിച്ചറിയുന്നു. ഇതിലൂടെ വാക്കുകളെയും അക്ഷരങ്ങളെയും കൃത്യമായി വേർതിരിച്ചെടുക്കാൻ സാധിക്കും. മുൻപ് സംസാരിച്ച 30 സെക്കൻഡ് വീഡിയോ മാത്രം മതി ഉപയോക്താവിന്റെ ശബ്ദം കൃത്യമായി ക്ലോൺ ചെയ്യാൻ.
മക്ഗിൽ സർവകലാശാലയിലെ നാല് മൂന്നാം വർഷ വിദ്യാർത്ഥികളാണ് ഇതിന് പിന്നിൽ. ബർക്ക്ലിയിൽ നടന്ന ‘കാൽ ഹാക്സ്’ ഹാക്കത്തണിൽ വെറും 36 മണിക്കൂർ കൊണ്ടാണ് ഇവർ ഇത് നിർമ്മിച്ചത്. ലോകമെമ്പാടുമുള്ള പ്രമുഖ കോളേജുകളിൽ നിന്നുള്ളവരെ പിന്തള്ളി ഇവർ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി.
ALSO READ: ആഗോളതാപനം നിയന്ത്രണം വിടുന്നു: ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ?
കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിയിൽ പ്രത്യേക സെൻസറുകൾ ഒഴിവാക്കി മൊബൈൽ ഫോൺ ക്യാമറ മാത്രം ഉപയോഗിച്ച് ഇത് പ്രവർത്തിപ്പിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇതിനായി സാമ്പത്തിക സഹായം തേടുന്ന ഇവർ, ഭാവിയിൽ ഇതൊരു മൊബൈൽ ആപ്പായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





