വിന്നിപെഗ്: ദേശീയ സുരക്ഷാ ഭീഷണിയെത്തുടർന്ന് കാനഡയിൽ ഫെഡറൽ സർക്കാർ നിരോധിച്ച ചൈനീസ് നിർമ്മിത ക്യാമറകൾ മാനിറ്റോബയിലെ വെസ്റ്റ് സെന്റ് പോൾ ഗ്രാമീണ മുനിസിപ്പാലിറ്റിയിൽ സ്ഥാപിച്ച സംഭവം ചർച്ചയാകുന്നു. കളിസ്ഥലങ്ങളും പാർക്കുകളും ഉൾപ്പെടെയുള്ള പൊതുമേഖലകൾ നിരീക്ഷിക്കുന്നതിനായി 33 ഹൈക്വിഷൻ (Hikvision) ക്യാമറകളാണ് നിലവിൽ ഈ പ്രദേശത്ത് ഉപയോഗിക്കുന്നത്. 2025 ജൂണിൽ ഫെഡറൽ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടും, പ്രാദേശിക മുനിസിപ്പാലിറ്റി അധികൃതർ ഇത് അറിയാതെ സുരക്ഷാ ശൃംഖല വിപുലീകരിക്കുകയായിരുന്നു.
വെസ്റ്റ് സെന്റ് പോൾ പ്രദേശത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബറിൽ അഞ്ച് പുതിയ ക്യാമറകൾ കൂടി സ്ഥാപിച്ചത്. എന്നാൽ ഫെഡറൽ കെട്ടിടങ്ങളിൽ നിരോധിച്ച ഉപകരണങ്ങൾ പ്രാദേശിക തലത്തിൽ സ്ഥാപിച്ചത് പൗരന്മാരുടെ സ്വകാര്യതയ്ക്കും ദേശീയ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക വിലക്കിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിലൂടെ മാത്രമാണ് തങ്ങൾ അറിഞ്ഞതെന്ന് വെസ്റ്റ് സെന്റ് പോൾ ചീഫ് അഡ്മിനിസ്ട്രേറ്റീവം ഓഫീസർ ജെഫ്രി സിംപ്സൺ വ്യക്തമാക്കി. വിഷയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയറുടെയും കൗൺസിലിന്റെയും ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി അവലോകനം ചെയ്യുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. മുനിസിപ്പൽ കെട്ടിടങ്ങളുടെയും പൊതു സൗകര്യങ്ങളുടെയും സുരക്ഷ നിരീക്ഷിക്കാൻ 2014 മുതൽ പ്രാദേശിക ഭരണകൂടം ക്യാമറ സംവിധാനങ്ങൾ ഉപയോഗിച്ചു വരികയാണ്.
ചൈനയിലെ ഉയ്ഗൂർ മുസ്ലീങ്ങളെ നിരീക്ഷിക്കാൻ ഹൈക്വിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു. ഇതിന് പുറമെ 2021-ൽ അമേരിക്കയും ഈ ഉപകരണങ്ങൾക്ക് സുരക്ഷാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് 2025 ജൂൺ 27-നാണ് കനേഡിയൻ വ്യവസായ മന്ത്രാലയം കമ്പനിയുടെ പ്രവർത്തനം രാജ്യത്ത് അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ കമ്മ്യൂണിറ്റി തലത്തിൽ കുറഞ്ഞ ചിലവിൽ ലഭ്യമാകുന്നു എന്ന കാരണത്താലാണ് പല പ്രാദേശിക ബോർഡുകളും ഇത്തരം ക്യാമറകൾ തിരഞ്ഞെടുക്കുന്നത്.
Also Read: യു.എസ്-കാനഡ വ്യാപാര തർക്കത്തിന് അയവ്; ട്രംപും കാർണിയും പ്രാഥമിക ധാരണയിലെന്ന് റിപ്പോർട്ട്
അതേസമയം, കാനഡ സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്വിഷൻ കമ്പനി കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് നിയമനടപടികൾ പരസ്പര സമ്മതത്തോടെ നിർത്തിവെക്കുകയായിരുന്നു. തങ്ങളുടെ ഉപകരണങ്ങൾ യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉയർത്തുന്നില്ലെന്നാണ് കമ്പനി വക്താവ് വ്യക്തമാക്കുന്നത്. എന്നാൽ പൊതു ഇടങ്ങളിൽ ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് ജനങ്ങളുടെ സ്വതന്ത്രമായ ഇടപെടലുകളെ ബാധിക്കുമെന്നും വിവര ചോർച്ചയ്ക്ക് വഴിതുറക്കുമെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാകുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





