ഒന്റാറിയോ: കാനഡയിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക സഹായവുമായി പ്രശസ്തമായ വാട്ടർലൂ സർവകലാശാല. ആദ്യവർഷ ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടുന്നവർക്കായി 10,000 കാനേഡിയൻ ഡോളറിന്റെ അതായത്, ഏകദേശം 6 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ രൂപയുടെ പുതിയ എൻട്രൻസ് സ്കോളർഷിപ്പ് സർവകലാശാല പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ചെലവുകൾ കുറയ്ക്കാനും ലോകമെമ്പാടുമുള്ള മിടുക്കരായ വിദ്യാർത്ഥികളെ ക്യാമ്പസിലേക്ക് ആകർഷിക്കാനുമാണ് സർവകലാശാല ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പൂർണ്ണസമയ ബിരുദ കോഴ്സുകൾക്ക് അഡ്മിഷൻ നേടുന്ന യോഗ്യരായ എല്ലാ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഈ തുക നേരിട്ട് ലഭിക്കും. ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സർവകലാശാല പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതോടെ യോഗ്യരായവരെ തനിയെ ഇതിനായി തിരഞ്ഞെടുക്കും. സയൻസ്, മാത്തമാറ്റിക്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രവേശനം നേടുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാണ്.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
എൻട്രൻസ് സ്കോളർഷിപ്പിന് പുറമേ, ഗണിതശാസ്ത്ര വിഭാഗത്തിൽ പഠിക്കുന്നവർക്ക് 12,000 മുതൽ 40,000 ഡോളർ വരെയുള്ള പ്രത്യേക സ്കോളർഷിപ്പുകളും ലഭ്യമാണ്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി 15 പ്രത്യേക അവാർഡുകളുമുണ്ട്. സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് 25,000 മുതൽ 80,000 ഡോളർ വരെ ഉയർന്ന തുക ലഭിക്കുന്ന അവാർഡുകൾക്ക് അപേക്ഷിക്കാം. ആഫ്രിക്കൻ-കരീബിയൻ പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക ധനസഹായ പദ്ധതികളുണ്ട്.
പഠനത്തോടൊപ്പം ക്യാമ്പസിൽ ജോലി ചെയ്ത് പണം കണ്ടെത്താനുള്ള ‘വർക്ക് സ്റ്റഡി’ പദ്ധതികളും, നാല് മാസത്തെ ജോലി പരിചയത്തിലൂടെ നല്ലൊരു തുക സമ്പാദിക്കാവുന്ന ‘കോ-ഓപ്പ്’ പ്രോഗ്രാമുകളും സർവകലാശാല നൽകുന്നുണ്ട്. ബിരുദ പ്രവേശനത്തിനും സ്കോളർഷിപ്പുകൾക്കുമുള്ള നടപടികൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇപ്പോൾ പൂർത്തിയാക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





