കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിന് പിന്നിൽ നടി അതുല്യ ചന്ദ്രയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദത്തെ തുടർന്നുണ്ടായ തർക്കം ഒത്തുതീർപ്പാക്കാൻ നടി അതുല്യയും നടൻ ബിപിൻ പെരുമ്പള്ളിയും ചേർന്ന് ഡോക്ടറോട് ആറ് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. തുക നൽകാൻ തയ്യാറാകാതിരുന്നതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് ഡോക്ടറെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. നടന്നത് ഹണി ട്രാപ്പാണോ എന്ന സംശയത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസിലെ പ്രതിയായ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർ വിഷ്ണുവിന് എൻ.ഡി.പി.എസ്, അടിപിടി ഉൾപ്പെടെ എട്ടോളം ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിനിടെ കവർന്ന ഡോക്ടറുടെ മൊബൈൽ ഫോണുകൾ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലുണ്ടെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അതുല്യയുടെ ബന്ധുവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




