കൊച്ചി: ചികിത്സയ്ക്കെന്ന പേരിൽ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ഡോക്ടറെ തടഞ്ഞുവെച്ച് മർദിക്കുകയും കൈവശമുണ്ടായിരുന്ന വസ്തുക്കൾ കവർന്നെടുക്കുകയും ചെയ്ത കേസിൽ നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പള്ളിയും അറസ്റ്റിൽ. 12 പ്രതികളുള്ള കേസിൽ ബിബിൻ ഒന്നാം പ്രതിയും അതുല്യ മൂന്നാം പ്രതിയുമാണ്. കെ.ബി. വിഷ്ണു എന്നയാളും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
ബന്ധുവായ സ്ത്രീക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് അറിയിച്ചാണ് ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ അവിടെയെത്തിയ ഡോക്ടർക്കെതിരെ സ്ത്രീക്ക് മയക്കുമരുന്ന് നൽകിയെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണം ഉന്നയിച്ചായിരുന്നു പ്രതികളുടെ ആക്രമണം. തുടർന്ന് ഡോക്ടറെ തടഞ്ഞുവെച്ച് മർദിക്കുകയും കൈവശമുണ്ടായിരുന്ന വസ്തുക്കൾ കവർന്നെടുക്കുകയും ചെയ്തെന്നാണ് കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്.
ALSO READ: ഹോളിവുഡ് താരത്തിന് കുരുക്ക്; ലൈംഗികാതിക്രമ കേസിൽ റസ്സൽ ബ്രാൻഡ് കുറ്റക്കാരൻ
നവംബർ രണ്ടിന് വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെയായിരുന്നു സംഭവം. ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ്സ് എന്നിവയുൾപ്പെടെ ഏകദേശം 3.25 ലക്ഷം രൂപ വിലവരുന്ന വസ്തുക്കളാണ് പ്രതികൾ കവർന്നെടുത്തത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി, കെ.ബി. വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





