ബാരി: ഹാലോവീൻ ആഘോഷത്തിനിടെ കുട്ടികൾ ശേഖരിച്ച മിഠായി ബോക്സിനുള്ളിൽ നിന്ന് മൂർച്ചയുള്ള ബ്ലേഡ് കണ്ടെത്തി. ബാരിയിലെ വെസ്സെഞ്ചർ പാർക്കിലാണ് സംഭവം. ഒക്ടോബർ 31-ന് ഹാലോവീൻ രാത്രിയിൽ പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച മിഠായിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ദിവസങ്ങൾക്ക് ശേഷം കുട്ടി ‘സ്മാർട്ടീസ്’ എന്ന മിഠായിയുടെ പെട്ടി തുറക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബോക്സ് തുറക്കുന്നതിനിടെ നെയിൽ ഗ്ലൂവിന്റെ രൂക്ഷമായ മണം അനുഭവപ്പെട്ടു. സംശയം തോന്നി ബോക്സ് ബലമായി തുറന്നു നോക്കിയപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ചെറിയൊരു റെസർ ബ്ലേഡ് കണ്ടത്. കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്. കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല.
Also Read: കാലാവസ്ഥ മാറുന്നു, കാനഡയിൽ നവംബറിലും വിട്ടുമാറാതെ കൊതുകുശല്യം; പിന്നിൽ എൽ നിനോ പ്രതിഭാസം?
വിവരമറിഞ്ഞ ബാരി പോലീസ് സ്ഥലത്തെത്തി ബ്ലേഡ് കസ്റ്റഡിയിലെടുത്തു. ഇത് കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആരാണ് ഇത്തരത്തിലൊരു കൃത്രിമം കാണിച്ചതെന്നോ ഏത് വീട്ടിൽ നിന്നാണ് ഈ മിഠായി ലഭിച്ചതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് മറ്റ് സമാന സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബാരി പോലീസ് രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ പുറത്തുനിന്ന് കൊണ്ടുവരുന്ന മിഠായികളും ഭക്ഷണ സാധനങ്ങളും കൃത്യമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ കഴിക്കാൻ നൽകാവൂ എന്നും, സംശയസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





