ടൊറന്റോ: ഒന്റാറിയോയിൽ ഇൻഫ്ലുവൻസ അഥവാ ഫ്ലൂ ബാധിച്ചുള്ളവരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരുന്നു. ഈ വർഷം സാധാരണയേക്കാൾ നേരത്തെയാണ് ഫ്ലൂ സീസൺ ആരംഭിച്ചത്. ഒക്ടോബർ 18 മുതൽ 24 വരെയുള്ള കണക്കുകൾ പ്രകാരം പ്രവിശ്യയിൽ ആകെ 360 പുതിയ ഫ്ലൂ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനുമുമ്പുള്ള ആഴ്ചകളിൽ യഥാക്രമം 305 ഉം 225 ഉം കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ രോഗവ്യാപനം ഉയരുമ്പോഴും ആശ്വാസകരമായ വിവരമാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്. നിലവിൽ വിതരണം ചെയ്യുന്ന ഫ്ലൂ വാക്സിൻ വൈറസിനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാനഡയിലെ നാഷണൽ മൈക്രോബയോളജി ലാബിന്റെ പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നത്, പ്രചാരത്തിലുള്ള ഫ്ലൂ വൈറസ് വകഭേദവുമായി നിലവിലെ വാക്സിൻ കൃത്യമായി യോജിക്കുന്നുണ്ട് എന്നാണ്.
പടരുന്ന വൈറസുകളുമായി വാക്സിൻ തികച്ചും പൊരുത്തപ്പെടുന്നുണ്ടെന്ന് പ്രമുഖ സാംക്രമിക രോഗ വിദഗ്ധൻ ഡോ. ഐസക് ബൊഗോച്ച് വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ 116 സാമ്പിളുകൾ വിശകലനം ചെയ്തതിൽ നിന്നാണ് വാക്സിൻ ഫലപ്രദമാണെന്ന് വ്യക്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഫ്ലൂ വ്യാപനം കണക്കിലെടുത്ത് സെപ്റ്റംബർ അവസാനത്തോടെ ചില പ്രത്യേക വിഭാഗങ്ങൾക്കായി സൗജന്യ ഫ്ലൂ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. തുടർന്ന് ഒക്ടോബർ 26-ഓടെ ഒന്റാറിയോയിലുടനീളം വാക്സിനേഷൻ വ്യാപകമാക്കി.
ആറ് മാസ്കിൽ കൂടുതൽ പ്രായമുള്ള എല്ലാവർക്കും പങ്കെടുക്കുന്ന ഫാർമസികൾ വഴിയും ആരോഗ്യ പ്രവർത്തകർ വഴിയും സൗജന്യമായി ഫ്ലൂ, കോവിഡ്-19 വാക്സിനുകൾ ലഭ്യമാണെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി നവംബർ 5-ന് നോർത്ത് യോർക്ക് സിവിക് സെന്ററിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയെത്തുന്ന ആറ് മാസം പ്രായമുള്ളവർ മുതൽ മുകളിലോട്ടുള്ള എല്ലാവർക്കും ഫ്ലൂ, കോവിഡ്, ആർ.എസ്.വി വാക്സിനുകൾ സ്വീകരിക്കാവുന്നതാണ്.
Also Read : കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോ? കാനഡയുടെ പുതിയ ഇമിഗ്രേഷൻ പ്ലാൻ വ്യാഴാഴ്ച ബജറ്റിൽ പുറത്തുവിടും
ഫ്ലൂ കേസുകൾക്കൊപ്പം പ്രവിശ്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണവും ആരോഗ്യ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബർ 24-ൽ അവസാനിച്ച ആഴ്ചയിൽ ഒന്റാറിയോയിൽ 258 കോവിഡ് കേസുകളാണ് ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. നിലവിലുള്ള കോവിഡ് വാക്സിനുകളും രോഗവ്യാപനം തടയുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





