ലിബറൽ പാർട്ടി 2025-ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവരുടെ സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ചു. അടുത്ത നാലു വർഷത്തിനുള്ളിൽ 130 ബില്യൺ ഡോളറിന്റെ പുതിയ ചെലവുകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ പദ്ധതി, ഫെഡറൽ കടത്തിൽ 225 ബില്യൺ ഡോളർ കൂട്ടിച്ചേർക്കും. 2025-26 സാമ്പത്തിക വർഷത്തിൽ 62.3 ബില്യൺ ഡോളറിന്റെ കുറവ് പ്രതീക്ഷിക്കുന്നു, ഇത് 2028-29 ആകുമ്പോഴേക്കും 48 ബില്യൺ ഡോളറായി കുറയും.
ഏറ്റവും കുറഞ്ഞ വരുമാന നികുതി ബ്രാക്കറ്റ് 15% ൽ നിന്ന് 14% ആയി കുറയ്ക്കുന്നതിന് നാലു വർഷത്തേക്ക് 22 ബില്യൺ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. വീടുനിർമ്മാണ മേഖലയിൽ ‘Build Canada Homes’ എന്ന പുതിയ ഫെഡറൽ ഏജൻസി സ്ഥാപിക്കുന്നതിന് പ്രതിവർഷം 3 ബില്യൺ ഡോളർ ചെലവഴിക്കാനും, ആകെ 22 ബില്യൺ ഡോളർ വീടുനിർമ്മാണ പദ്ധതികൾക്കായി നീക്കിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്ക് നാറ്റോയുടെ 2% ചെലവ് ലക്ഷ്യം പൂർത്തീകരിക്കുന്നതിന് 18 ബില്യൺ ഡോളറും, ആരോഗ്യ പരിപാലനത്തിന് 3.5 ബില്യൺ ഡോളറും വകയിരുത്തിയിട്ടുണ്ട്.
“ഇന്നത്തെ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിനും, കാനഡയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഞങ്ങളുടെ സാമ്പത്തിക പദ്ധതി സന്തുലിതവും പ്രായോഗികവുമാണ്,”എന്നും “ജനങ്ങളുടെ ജീവിത ചെലവ് കുറയ്ക്കുന്നതിനും, വീടുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” എന്ന് ലിബറൽ പാർട്ടിയുടെ ധനകാര്യ വക്താവ് അഭിപ്രായപ്പെട്ടു.
ഫലപ്രദമായ നടപടികളിലൂടെ 51.8 ബില്യൺ ഡോളറിന്റെ പുതിയ വരുമാനം സമാഹരിക്കാനും, കാര്യക്ഷമതയിലൂടെ 2026-27 ൽ 6 ബില്യൺ ഡോളർ ലാഭിക്കാനും, 2028-29 ആകുമ്പോഴേക്കും ഇത് 13 ബില്യൺ ഡോളറായി ഉയർത്താനുമാണ് പദ്ധതി. ഈ ബജറ്റിന്റെ നാല് പ്രധാന സ്തംഭങ്ങളായി ‘യുണൈറ്റ്’, ‘സെക്യൂർ’, ‘പ്രൊട്ടക്റ്റ്’, ‘ബിൽഡ്’ എന്നിവ അടിസ്ഥാനമാക്കിയാണ് പരിപാടികൾ വിഭജിച്ചിരിക്കുന്നത്.


