എഡ്മണ്ടൻ : ജോർദാൻ പ്രിൻസിപ്പിൾ ഫണ്ടിങ്ങിലെ മാറ്റങ്ങൾ മൂലം ആൽബർട്ടയിലെ പല സ്കൂളുകളും എഡ്യുക്കേഷണൽ അസിസ്റ്റന്റ്സിനെ പിരിച്ചുവിടുന്നു. നോർത്തേൺ ലൈറ്റ്സ് പബ്ലിക് സ്കൂൾസ് (NLPS) 105 പൂർണ്ണ സമയ തസ്തികകൾ ഇല്ലാതാക്കിയപ്പോൾ, വൈൽഡ് റോസ് സ്കൂൾ ബോർഡ് ഡിസംബറിൽ 46 ജീവനക്കാരെ പിരിച്ചുവിട്ടു. ജോർദാൻ റിവർ ആൻഡേഴ്സന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി, ആദിവാസി കുട്ടികൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭിക്കാൻ വേണ്ടിയായിരുന്നു.
ഫെബ്രുവരി 10 മുതൽ, കാനഡയുടെ ആദിവാസി സേവന വകുപ്പ് പുതിയ നിയമം കൊണ്ടുവന്നു. പ്രത്യേക ആവശ്യങ്ങളുള്ള ആദിവാസി കുട്ടികൾക്ക് മാത്രമേ ഇനി പണം നൽകൂ. മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകൾ പ്രാദേശിക പ്രോഗ്രാമുകളിലേക്ക് റഫർ ചെയ്യപ്പെടും, ഇത് റിസർവിന് പുറത്തുള്ള പല കുട്ടികളെയും ഫെഡറൽ പിന്തുണയിൽ നിന്ന് പുറത്താക്കും. എഡ്മണ്ടൻ പബ്ലിക് സ്കൂൾസിന് യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ട്, അവരുടെ ബജറ്റിൽ 2.5 മില്യൺ ഡോളറിന്റെ കുറവാണുണ്ടായത്.
“എന്റെ ഓട്ടിസം ബാധിച്ച മകൾക്ക് സഹായി ഇല്ലാതെ സ്കൂളിൽ പോകാൻ ബുദ്ധിമുട്ടാണ്. അവൾക്ക് സംസാരിക്കാൻ കഴിയില്ല, അതുകൊണ്ട് അവളെ മനസ്സിലാക്കുന്ന ഒരാൾ വേണം,ഇനി അവൾക്ക് പകുതി സമയം മാത്രമേ സ്കൂളിൽ പോകാൻ കഴിയൂ.” എന്ന് വനേസ്സ റോസ്‌ലെർ പറഞ്ഞു.
ഇൻഡിജനസ് നേതാക്കളും അഭിഭാഷകരും വാദിക്കുന്നത്, ഈ മാറ്റം ജോർദാൻ പദ്ധതിയുടെ യഥാർഥ ലക്ഷ്യത്തിന് എതിരാണെന്നാണ്. ഫെഡറൽ-സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുമ്പോൾ, ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുട്ടികളും അവരുടെ കുടുംബങ്ങളുമാണ്.



