എഡ്മിന്റൻ: ആൽബർട്ടയിൽ അടുത്തിടെ നടന്ന റഫറണ്ടം സമൂഹങ്ങൾക്കിടയിൽ കടുത്ത ഭിന്നതയും അവിശ്വാസവും സൃഷ്ടിച്ചതായി ആരോപിച്ച് ഫസ്റ്റ് നേഷൻസ് നേതാക്കൾ രംഗത്ത്. പ്രീമിയർ ഡാനിയേൽ സ്മിത്തിന് അയച്ച തുറന്ന കത്തിലാണ് ബിയർസ്പോ, ചിനിക്കി, ഗുഡ്സ്റ്റോണി, സൂട്ടീന നേഷൻസ് നേതാക്കൾ തങ്ങളുടെ കടുത്ത അതൃപ്തിയും ആശങ്കയും വ്യക്തമാക്കിയത്.

കാനഡയിൽ തുടർന്നുപോകണമെന്ന റഫറണ്ടം ഫലത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പ്രവിശ്യയിലുടനീളം അനാവശ്യമായ ആശങ്കകൾ വിതയ്ക്കാനേ ഈ വോട്ടെടുപ്പ് ഉപകരിച്ചുള്ളൂവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വിലപ്പെട്ട സമയവും സർക്കാരിന്റെ വൻ തുകയും സംവിധാനങ്ങളും പാഴാക്കിയതിന് പുറമെ, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് വോട്ടെടുപ്പ് വലിയ തോതിൽ മങ്ങലേൽപ്പിച്ചതായും അവർ കുറ്റപ്പെടുത്തി. ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുടെ ചരിത്രപരമായ ഉടമ്പടി അവകാശങ്ങളോ കനേഡിയൻ ഭരണകൂടവുമായുള്ള ബന്ധമോ പ്രവിശ്യാതല റഫറണ്ടത്തിലൂടെ പുനഃപരിശോധിക്കേണ്ട വിഷയങ്ങളല്ലെന്നും നേതാക്കൾ തുറന്നടിച്ചു.
നഷ്ടപ്പെട്ട പരസ്പരവിശ്വാസം വീണ്ടെടുക്കാൻ സർക്കാർ തലത്തിൽ അടിയന്തരവും പ്രായോഗികവുമായ നടപടികൾ വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പ്രീമിയറുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും നേരിട്ട് ചർച്ച നടത്തണമെന്നാണ് ഫസ്റ്റ് നേഷൻസ് നേതൃത്വത്തിന്റെ നിലപാട്. ഉടമ്പടി ബാധ്യതകൾ പൂർണ്ണമായി പാലിക്കുക, ഭാവി വികസനങ്ങളിൽ ഫസ്റ്റ് നേഷൻസ് സമൂഹങ്ങളെ ഒപ്പം നിർത്തുക, പ്രവിശ്യയുടെ സ്ഥിരതയെ അപകടത്തിലാക്കുന്ന നടപടികളിൽ നിന്ന് പിന്മാറുക എന്നിവ ചർച്ചയിൽ അടിയന്തര അജണ്ടയാക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.
ALSO READ: ആൽബർട്ട റഫറണ്ടം ഫലം വൈകുന്നു; 48 മണിക്കൂർ സമയപരിധി കഴിഞ്ഞിട്ടും വോട്ടെണ്ണൽ പൂർത്തിയായില്ല
ഒക്ടോബർ 19-നാണ് ആൽബർട്ടയിൽ നിർണ്ണായകമായ റഫറണ്ടം വോട്ടെടുപ്പ് നടന്നത്. ആകെ പത്ത് ചോദ്യങ്ങളുണ്ടായിരുന്ന ബാലറ്റിലെ അവസാന ചോദ്യം കാനഡയിൽ തന്നെ തുടരണമോ അതോ വേർപിരിയൽ നടപടികളിലേക്ക് കടക്കണമോ എന്നതായിരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം 75 ശതമാനത്തോളം വോട്ടർമാരും കാനഡയിൽ തുടരുന്നതിനെയാണ് പിന്തുണച്ചത്. ഒക്ടോബർ 29-നാണ് റഫറണ്ടത്തിന്റെ ഔദ്യോഗിക ഫലം പുറത്തുവിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Alberta Referendum Sparks Division’




